ഗസ്സയിൽ അല്‍ ജസീറ ഓഫീസ് ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍
|അൽജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു
ഗസ്സയിൽ മാധ്യമ സ്ഥപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ബോംബിട്ട് ഇസ്രായേൽ സൈന്യം. അൽജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു. നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ ഒരു മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു. മാധ്യമ സ്ഥാപങ്ങളുടെ കെട്ടിടം തകർത്ത ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായിരിക്കുന്നത്. ആക്രമണം യുദ്ധകുറ്റമെന്ന് അന്താരാഷ്ട്ര എത്തിക്കൽ ജേർണലിസം നെറ്റ്‌വർക്ക് അഭിപ്രായപ്പെട്ടു.
ഇന്ന് ഉച്ചയ്ക്കുശേഷമാണു കെട്ടിടത്തിനു നേരെ വ്യോമാക്രമണമുണ്ടായത്. ഇതിനു മുന്നോടിയായി കെട്ടിട ഉടമയെ ഇസ്രായേല്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് എപി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ജീവനക്കാരെയും മറ്റു ആളുകളെയും ഉടനടി ഒഴിപ്പിച്ചു. കെട്ടിടത്തിനുനേരെയുള്ള വ്യോമാക്രമണം അല്‍ ജസീറ ചാനല്‍ തത്സമയം പ്രക്ഷേപണം ചെയ്തു.
'ഇസ്രയേലിന്റെ നടപടി അവിശ്വനീയമാം വിധം ഞെട്ടിക്കുന്നതും ഭീകരുവമാണെന്ന് എ പി പ്രസിഡന്റ് ഗ്രേഗ് പ്രയിറ്റ് പറഞ്ഞു. സൈനിക നടപടിയെക്കുറിച്ച് ഇസ്രയേല്‍ സര്‍ക്കാരിന്റെ പ്രതികരണം ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് അല്‍ ജസീറ പറഞ്ഞു. 'അല്‍ ഷിഫ ആശുപത്രിയിലാണ് ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകരുള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.' ഇതിന് മുന്‍പ് അല്‍ ഷിഫയെ ഇസ്രയേല്‍ ലക്ഷ്യം വെച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയാണെന്ന വിശ്വാസത്തിലാണ് ഞങ്ങളിവിടെ അഭയം പ്രാപിച്ചിരിക്കുന്നത്. ഗാസയിലെ ഏക സുരക്ഷിത സ്ഥലം ഇതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' തങ്ങളുടെ കറസ്‌പോണ്ടന്റായ യുമാന്‍ അല്‍ സെയ്ദ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
'കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഞാന്‍ ഈ കെട്ടിടത്തിലുന്നാണ് ജോലി ചെയ്തത്. ഇപ്പോള്‍ രണ്ടേ രണ്ട് സെക്കന്റിനുള്ളില്‍ എല്ലാ ഇല്ലാതായി'-അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനായ സഫത് അല്‍ ഖലൂത് പറഞ്ഞു.
ഗാസ സിറ്റിയിലെ ജനസാന്ദ്രതയേറിയ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണു കെട്ടിടം തകര്‍ത്ത സംഭവം. മൂന്നു നില വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. എട്ടു കുട്ടികളും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിലെ ഏറ്റവും മാരകമായ ആക്രമാണിത്. ഇതിനു മറുപടിയായി തെക്കന്‍ ഇസ്രായേലിനു നേര്‍ക്കു ഹമാസ് നിരവധി റോക്കറ്റുകള്‍ തൊടുത്തുവിട്ടു.
നേരത്തെ ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ബോംബ് വര്‍ഷത്തില്‍ 30ല്‍ അധികം വിദ്യാലയങ്ങള്‍ തകര്‍ന്നതായി സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു. 24,000 കുട്ടികളുടെ പഠന സൗകര്യമാണ് ഇതിലൂടെ ഇല്ലാതായതെന്നും സംഘടന വ്യക്തമാക്കി.അക്രമത്തെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സംഘടന അറിയിച്ചു. മാധ്യമ ഓഫീസുകൾക്ക് ബോംബിട്ട് ക്രൂരത മറച്ചു പിടിക്കാനാവില്ലെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാനും പ്രതികരിച്ചു.
ഗസ്സയിൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ 31 കുട്ടികളുൾപെടെ മരണം 126 ആയി. 920 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ഗസ്സയിലെ ഷാതി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർ മരിച്ചതായി ആശങ്കയുണ്ട്. ആറു കുട്ടികളുൾപെടെ ഏഴു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. 20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന ഇതിനകത്തുനിന്ന് ആരെയെങ്കിലും ജീവനോടെ ര ക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷയില്ല. ശനിയാഴ്ച പുലർച്ചെ തുടർച്ചയായ അഞ്ചു ബോംബുകൾ വർഷിച്ചാണ് അഭയാർഥി ക്യാമ്പ് ചാരമാക്കിയത്.