World
കോവിഡ്; തല്‍ക്കാലം ഗര്‍ഭം ധരിക്കേണ്ടെന്ന് സ്ത്രീകളോട് ബ്രസീല്‍ സര്‍ക്കാര്‍
World

കോവിഡ്; തല്‍ക്കാലം ഗര്‍ഭം ധരിക്കേണ്ടെന്ന് സ്ത്രീകളോട് ബ്രസീല്‍ സര്‍ക്കാര്‍

Web Desk
|
20 April 2021 3:21 AM GMT

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ അപകടമുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് ഗര്‍ഭിണികളാകണ്ടെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി റാഫേല്‍ കമാര ആവശ്യപ്പെട്ടത്

കോവിഡ് രണ്ടാം തരംഗം ലോകമാകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിന്‍ കണ്ടെത്തിയെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ ലോകരാജ്യങ്ങള്‍ പകച്ചുനില്‍ക്കുന്നു. ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകളും മരണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളോട് ഗര്‍ഭധാരണം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രസീല്‍ സര്‍ക്കാര്‍.

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ അപകടമുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് ഗര്‍ഭിണികളാകണ്ടെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി റാഫേല്‍ കമാര ആവശ്യപ്പെട്ടത്. 42, 43 വയസ് പ്രായമുള്ളവരോട് ഞങ്ങൾക്ക് ഇത് പറയാൻ കഴിയില്ല, പക്ഷെ ചെറുപ്പക്കാരികളായ സ്ത്രീകളോട് ഗര്‍ഭം ധരിക്കാന്‍ കുറച്ചു സമയം കാത്തിരിക്കണമെന്നാണ് ഞങ്ങളാവശ്യപ്പെടുന്നതെന്ന് കമാര പറഞ്ഞു. വകഭേദം വന്ന കൊറോണ് വൈറസ് എങ്ങിനെ ഗര്‍ഭാവസ്ഥയെ എങ്ങിനെ ബാധിക്കുമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും കമാര അറിയിച്ചു. പുതിയ വൈറസ് ഗര്‍ഭിണികളില്‍ കൂടുതല്‍ അപകടമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ പ്രസവം അടുത്ത സ്ത്രീകളിലായിരുന്നു കോവിഡ് കൂടുതല്‍ അപകടരമാണെന്ന് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭധാരണത്തിന്‍റെ ആദ്യ മൂന്നു മാസ കാലയളവിലും രണ്ടാം മൂന്നു മാസ കാലയളവിലും കോവിഡ് സങ്കീര്‍ണ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

2020 മാർച്ചിനുശേഷം ഇതുവരെ 3,68,000 മരണങ്ങൾ ബ്രസീലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് - യു.എസിന് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഇതിലും മോശമായ അവസ്ഥയിലേക്ക് കടന്നുപോകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Similar Posts