ഇന്ത്യന്‍ വകഭേദം മാരകം; പതിനേഴോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന
|യുകെ, ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം പതിനേഴോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,200ലേറെ സ്വീക്വന്‍സുകളിലും കണ്ടെത്തി. ഇന്ത്യ, യുകെ, യു.എസ്.എ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിഭാഗം സീക്വൻസുകളും അപ്ലോഡ് ചെയ്തതെന്നും ലോകാരോഗ്യ സംഘടന ആഴ്ചതോറുമുള്ള എപിഡെമോളജിക്കൽ അപ്ഡേറ്റിൽ പറഞ്ഞു. ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ടജനിതകമാറ്റം വന്ന കോവിഡ് വൈറസ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ബ്രിട്ടന്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ജനിതക മാറ്റം സംഭവിച്ച വൈറസുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന് കൂടുതല്‍ അപകടകാരിയായി മാറാന്‍ കരുത്തുണ്ടെന്നാണ് കണ്ടെത്തല്‍.
ഇന്ത്യന്‍ വകഭേദം വന്ന വൈറസ് ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഗവ്യാപനവും മരണനിരക്കും ഈ വൈറസ് കൂട്ടും. അതേസമയം ഈ വൈറസിനെയും വാക്സിനുകള്‍ പ്രതിരോധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗത്തിന് പുതിയ വകഭേദം കാണമായിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്ത് ചൊവ്വാഴ്ച മാത്രം 3,23,144 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 28 കോടിയിലധികം പരിശോധനകൾ നടത്തി. 6.28 ശതമാനം ആണ് ആകെ രോഗ സ്ഥിരീകരണ നിരക്ക്. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 28,82,204 ആയി.