International Old
ശൈഖ്​ ജർറാ സമരനേതാവ് മുന അൽ കുർദിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു
International Old

ശൈഖ്​ ജർറാ സമരനേതാവ് മുന അൽ കുർദിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു

Web Desk
|
6 Jun 2021 12:22 PM GMT

മുന അൽ കുർദിനെ വീട്ടിൽ റെയ്ഡ് നടത്തിയാണ് പോലീസ് പിടികൂടിയത്

അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ശൈഖ്​ ജർറായിൽ ഫലസ്തീനികളെ തങ്ങളുടെ വീടുകളിൽ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുന അൽ കുർദിനെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫലസ്തീൻ വാർത്ത ഏജൻസിയായ വാഫയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .

ശൈഖ്​ ജർറായിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറ മാധ്യമപ്രവർത്തക ഗിവര ബുദൈരിയെ അറസ്റ്റ് ചെയ്തതിന്റെ ഒരു ദിവസം കഴിഞ്ഞാണ് മുന അൽ കുർദിനെ അറസ്റ്റ് ചെയ്യുന്നത്. ആഗോള പ്രതിഷേധങ്ങളെ തുടർന്ന് പിടികൂടി മണിക്കൂറുകൾക്ക് ശേഷം ബുദൈരിയെ വിട്ടയച്ചിരുന്നു.

ഇരുപത്തിമൂന്നു വയസ്സുകാരിയായ മുന അൽ കുർദിനെ വീട്ടിൽ റെയ്ഡ് നടത്തിയാണ് പോലീസ് പിടികൂടിയതെന്ന് അവരുടെ പിതാവ് നബീൽ അൽ കുർദ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പുറമെ അപ്പോൾ വീട്ടിൽ ഇല്ലാതിരുന്ന അവരുടെ ഇരട്ട സഹോദരനായ മുഹമ്മദിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്. അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ഇസ്രായേലി പോലീസ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയത്.

പുറത്താക്കപ്പെട്ട കുടുംബങ്ങളുടെ ശബ്ദമായി മാറിയതിനാലാണ് ശൈഖ്​ ജർറാ സമരത്തിന്റെ മുഖമായി മാറിയ മുന അൽ കുർദിനെ ഇസ്രായേൽ പിടികൂടിയതെന്ന് വിലയിരുത്തപ്പെടുന്നു.

Similar Posts