International Old
ഇടതുപക്ഷം, വലതുപക്ഷം ഇസ്‌ലാമിസ്റ്റുകള്‍; ഇസ്രായേലില്‍ മഴവില്‍ സഖ്യം
International Old

ഇടതുപക്ഷം, വലതുപക്ഷം ഇസ്‌ലാമിസ്റ്റുകള്‍; ഇസ്രായേലില്‍ മഴവില്‍ സഖ്യം

Web Desk
|
3 Jun 2021 9:37 AM GMT

എട്ട് പ്രതിപക്ഷ കക്ഷികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിക്കുക. പ്രധാനമന്ത്രി പദവി പങ്കുവെക്കാനാണ് തീരുമാനം.

ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷം ഒരുമിച്ചതോടെ രൂപം കൊള്ളുന്നത് വൈവിധ്യമാര്‍ന്ന ആശയക്കാരുടെ അപൂര്‍വ്വസഖ്യം. മന്ത്രിസഭ രൂപീകരിക്കാന്‍ പ്രസിഡന്റ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ പ്രതിപക്ഷ നേതാവും യെഷ് അതീദ് പാര്‍ട്ടി നേതാവുമായ യായര്‍ ലാപിഡാണ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. എട്ട് പ്രതിപക്ഷ കക്ഷികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിക്കുക. പ്രധാനമന്ത്രി പദവി പങ്കുവെക്കാനാണ് തീരുമാനം. ആദ്യ ടേമില്‍ നാഫ്റ്റലി ബെനറ്റും രണ്ടാം ടേമില്‍ യായര്‍ ലാപിഡും പ്രധാനമന്ത്രിയാവും.

പ്രതിപക്ഷ നേതാവും യെഷ് അതീദ് പാര്‍ട്ടി നേതാവുമായ യായര്‍ ലാപിഡ്, തീവ്ര വലതുപക്ഷ കക്ഷിയായ 'യമീന'യുടെ നേതാവ് നാഫ്റ്റലി ബെനറ്റ്, അറബ് ഇസ്‌ലാമിറ്റ് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ്, ന്യൂ ഹോപ്പ് പാര്‍ട്ടി നേതാവ് ഗിഡിയോന്‍ ഷാര്‍, ഇസ്രായേല്‍ ഔര്‍ ഹോം പാര്‍ട്ടി നേതാവ് എവിഗ്‌ദോര്‍ ലിബെര്‍മാന്‍, മെററ്റ്‌സ് പാര്‍ട്ടി നേതാവ് നിറ്റ്‌സാന്‍ ഹോറോവിറ്റ്‌സ്, ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്റസ്, ഇസ്രായേല്‍ ലേബര്‍ പാര്‍ട്ടി നേതാവ് മിറാവ് മിഷേലി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

സഖ്യത്തില്‍ ഉള്‍പ്പെടുന്ന എട്ട് പാര്‍ട്ടിക്കാരും വ്യതസ്ത ആശയം ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നതാണ് പുതിയ സര്‍ക്കാറിന്റെ സവിശേഷത. ഇത് ലോകത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണ്. സഖ്യത്തില്‍ ഉള്‍പ്പെടുന്ന എട്ട് പാര്‍ട്ടികള്‍ ഇവയാണ്.

യെഷ് അതീദ്:

സഖ്യത്തിലെ ഒരു പ്രധാനകക്ഷി പ്രതിപക്ഷനേതാവ് യായര്‍ ലാപിഡിന്റെ യഷ് അതീദ് ആണ്. 2012ല്‍ രൂപം കൊണ്ട പാര്‍ട്ടി മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സെന്‍ട്രിസ്റ്റ് പാര്‍ട്ടിയാണ്. പൗരാവകാശത്തിനും സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുമാണ് പാര്‍ട്ടി പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ഇവര്‍ നേടിയത്.

യമീന:

തീവ്രവലതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് യമീന. അധിനിവേശത്തിലൂടെ വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ഇവരുടെ നിലപാട്. ഇസ്രായേലിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ ഇവര്‍ എതിര്‍ക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളാണ് ഇവര്‍ നേടിയത്.

റഅം:

ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന അറബ് ഇസ്ലാമിക് പാര്‍ട്ടിയാണ് റഅം. മന്‍സൂര്‍ അബ്ബാസ് ആണ് ഇപ്പോള്‍ നേതാവ്. വെസ്റ്റ് ബാങ്കും ഗാസയും ഉള്‍പ്പെടുത്തി ഈസ്റ്റ് ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കണമെന്നാണ് ഇവരുടെ നിലപാട്. ഇസ്രായേലിലെ അറബ് പൗരന്‍മാര്‍ക്ക് തുല്യ അവകാശങ്ങള്‍ വേണമെന്നും ഇവര്‍ വാദിക്കുന്നു. പാര്‍ലമെന്റില്‍ നാല് സീറ്റുകളാണ് ഇവര്‍ക്കുള്ളത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണ് ഇവര്‍.

ന്യൂ ഹോപ് പാര്‍ട്ടി:

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് ന്യൂ ഹോപ്. ലികുഡ് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഗിഡിയോന്‍ ഷാര്‍ ആണ് പാര്‍ട്ടി രൂപീകരിച്ചത്. മുതലാളിത്തത്തിലൂന്നിയ മിശ്ര സമ്പദ് വ്യവസ്ഥ വേണമെന്നാണ് ഇവരുടെ നിലപാട്. പ്രധാനമന്ത്രിമാരുടെ കാലാവധി എട്ട് വര്‍ഷമായി നിജപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആറ് സീറ്റുകളാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ നേടിയത്.

ഇസ്രായേല്‍ ഔര്‍ ഹോം:

മതേതര വലതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ഇത്. റഷ്യന്‍ സംസാരിക്കുന്ന മതേതര ഇസ്രായേലികളാണ് പാര്‍ട്ടിയുടെ ശക്തി. റഷ്യന്‍ സിയോണിസ്റ്റ് നേതാവായിരുന്ന സേവ് ജാബോട്ടിന്‍സ്‌കിയുടെ ആശയങ്ങളാണ് തങ്ങള്‍ പിന്തുടരുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ അഞ്ച് അടിസ്ഥാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നാണ് ഇവരുടെ നിലപാട്. 'ഇസ്രായേല്‍ ബൈതുനു' എന്നാണ് ഇസ്രായേലില്‍ ഇവര്‍ അറിയപ്പെടുന്നത്. ഏഴ് സീറ്റുകളാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ നേടിയത്.

മെററ്റ്‌സ്:

ഇടതുപക്ഷ ആശയങ്ങളും പരിസ്ഥിതി രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് മെററ്റ്‌സ്. മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇവര്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണക്കുന്നു. മത, വംശീയ, ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് മനുഷ്യാവകാശവും സാമൂഹിക നീതിയും ഉറപ്പാക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ആറ് സീറ്റുകളാണ് ഇവര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേടിയത്.

ഇസ്രായേല്‍ റെസിലിയന്‍സ്:

ഇസ്രായേല്‍ പ്രതിരോധസേനയുടെ മുന്‍ മേധാവിയായിരുന്ന ബെന്നി ഗാന്‍സ് 2018ല്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ഇസ്രായേല്‍ റെസിലിയന്‍സ്. ശക്തമായ സിയോണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണിത്. ഗോലാന്‍ കുന്നുകളിലെ അധിനിവേശം ശക്തമാക്കണമെന്നും ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാക്കണമെന്നും ആവശ്യപ്പെടുന്ന ബെന്നി ഗാന്‍സ് കടുത്ത ഫലസ്തീന്‍ വിരുദ്ധ നിലപാടുള്ള വ്യക്തിയാണ്. എട്ട് സീറ്റുകളാണ് ഇവര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേടിയത്.

ഇസ്രായേല്‍ ലേബര്‍ പാര്‍ട്ടി:

സിയോണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ലേബര്‍ പാര്‍ട്ടി. ക്ഷേമപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന മിശ്ര സമ്പദ് വ്യവസ്ഥയെയാണ് പാര്‍ട്ടി പിന്തുണക്കുന്നത്. സ്വതന്ത്ര ഫലസ്തീന്‍ രാഷട്രത്തെ പിന്തുണക്കുന്നു. ഏഴ് സീറ്റുകളാണ് ഇവര്‍ക്കുള്ളത്.


Related Tags :
Similar Posts