ലണ്ടൻ മേയറായി സാദിഖ് ഖാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
|സാദിഖ് ഖാൻ 55.2 ശതമാനം വോട്ട് നേടിയപ്പോള്‍ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ സ്ഥാനാർത്ഥി ഷാൻ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടാണ് ലഭിച്ചത്
ലണ്ടൻ മേയറായി ലേബർ സ്ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗൺസിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ടോറികൾക്കായിരുന്നു നേട്ടം. തിരിച്ചടികള്‍ക്കിടയിലും പ്രതിപക്ഷ ലേബർ പാർട്ടിക്ക് ഉത്തേജനം നൽകിക്കൊണ്ട് സാദിഖ് ഖാൻ ലണ്ടൻ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സാദിഖ് ഖാൻ 55.2 ശതമാനം വോട്ട് നേടിയപ്പോള്‍ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ സ്ഥാനാർത്ഥി ഷാൻ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടാണ് ലഭിച്ചത്. 2016 ല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഒരു പ്രധാന പാശ്ചാത്യ തലസ്ഥാനത്തിന്റെ ആദ്യ മുസ്‍ലിം മേയറായിരുന്നു സാദിഖ് ഖാന്‍. ബോറിസ് ജോൺസൺ മേയർ സ്ഥാനം ഒഴിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് സാദിഖ് ഖാൻ അധികാരത്തിലെത്തിയത്. പാകിസ്താനില്‍ നിന്നുള്ള ബസ് ഡ്രൈവറുടെ മകനായി ജനിച്ച സാദിഖ് അറിയപ്പെടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ്.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു തന്റെ പ്രചാരണത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നത്. ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ലണ്ടനിലെ നിവാസികള്‍ എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഞാൻ അത്യധികം വിനീതനാണ്," ഖാൻ പറഞ്ഞു. തന്റെ രണ്ടാം കാലാവധി "വിവിധ സമുദായങ്ങൾക്കിടയിലെ ദൂരം കുറക്കാനും സിറ്റി ഹാളിനും സർക്കാരിനുമിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് 50 കാരൻ പറഞ്ഞു.