International Old
ബസ് ഡ്രൈവറുടെ മകനിൽ നിന്ന് രണ്ടാം തവണയും ലണ്ടനിലെ മേയർ കസേരയിലേക്ക്
International Old

ബസ് ഡ്രൈവറുടെ മകനിൽ നിന്ന് രണ്ടാം തവണയും ലണ്ടനിലെ മേയർ കസേരയിലേക്ക്

ഷെഫി ഷാജഹാന്‍
|
10 May 2021 8:00 AM GMT

വംശീയാധിക്ഷേപങ്ങളേയും വേട്ടയാടലുകളെയും അതിജീവിച്ച് സാദിഖ് ഖാൻ രണ്ടാം തവണയും നടന്നു കയറിയത് ലണ്ടൻ നഗരത്തിന്റെ താക്കോൽ സ്ഥാനത്തേക്ക്

തുടർച്ചയായി രണ്ടാം തവണയും ലണ്ടൻ നഗരത്തിന്റെ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട സാദിഖ് ഖാന്റെ ജീവിത കഥ ആരേയും പ്രചോദിപ്പിക്കുന്നതാണ്. പാകിസ്താനിൽ നിന്നുള്ള ബസ് ഡ്രൈവറുടെ മകനായി ജനിച്ച് അറിയപ്പെടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായി, മന്ത്രി ആയി, പാർലമെന്റ് അംഗമായി, മേയർ ആയി അങ്ങനെ പോകുന്നു ഒരു സാധാരണക്കാരൻ ലണ്ടൻ നഗരത്തിന്റെ മേയർ ആയ കഥ.

2016ല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഒരു പ്രധാന പാശ്ചാത്യ തലസ്ഥാനത്തിന്റെ ആദ്യ മുസ്‍ലിം മേയറായിരുന്നു സാദിഖ് ഖാന്‍. ബോറിസ് ജോൺസൺ മേയർ സ്ഥാനം ഒഴിഞ്ഞശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് സാദിഖ് ഖാൻ അധികാരത്തിലെത്തിയത്. എന്നാൽ എന്നാല്‍ വിജയപ്രഖ്യാപന വേദിയില്‍ തന്നെ സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപമുണ്ടായി. പ്രസംഗിക്കാന്‍ വേദിയിലേക്ക് പോകുന്നതിനിടെ തീവ്രവലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിങ് സാദിഖ് ഖാന് നേരെ പുറം തിരിഞ്ഞുനിന്ന് അധിക്ഷേപ പ്രകടനം നടത്തി. സാദിഖ് ഖാന്‍ പ്രസംഗിക്കുന്ന സമയവും ഗോള്‍ഡിങ് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഗോള്‍ഡ് സ്മിത്ത് സാദിഖ് ഖാനെ തീവ്രവാദിയായും ചിത്രീകരിച്ചിരുന്നു.

ഇത്തരം വേട്ടയാടലുകളെയെല്ലാം അതിജീവിച്ചാണ് രണ്ടാം തവണയും സാദിഖ് ഖാൻ മേയർ കസേരയിൽ സ്ഥാനമുറപ്പിക്കുന്നത്. ലണ്ടൻ ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗൺസിലുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ടോറികൾക്കായിരുന്നു നേട്ടം. തിരിച്ചടികള്‍ക്കിടയിലും പ്രതിപക്ഷ ലേബർ പാർട്ടിക്ക് ഉത്തേജനം നൽകിക്കൊണ്ടാണ് സാദിഖ് ഖാൻ ലണ്ടൻ മേയറായി വീണ്ടും തെഞ്ഞെടുക്കപ്പെട്ടത്. സാദിഖ് ഖാൻ 55.2 ശതമാനം വോട്ട് നേടിയപ്പോള്‍ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ സ്ഥാനാർത്ഥി ഷാൻ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടാണ് ലഭിച്ചത്.

പാകിസ്താനില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് സാദിഖ്‌ ഖാൻ. ലണ്ടൻ നഗരത്തിലെ ഒരു സാധാരണ ബസ് ഡ്രൈവറുടെ മകനായി ജനിച്ച സാദിഖ് പിന്നീട് അറിയപ്പെടുന്ന അഭിഭാഷകനായി വളരുകയായിരുന്നു.

1970ല്‍ ലണ്ടനില്‍ ജനിച്ച സാദിഖ് ഖാന്‍ ടൂട്ടിങിലെ ഒരു പബ്ലിക് ഹൗസിങിലാണ് വളര്‍ന്നത്. യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ലണ്ടനില്‍ നിന്ന് നിയമ ബിരുദം നേടി. 15ാം വയസ്സിലാണ് ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അവിടെ നിന്ന് മനുഷ്യാവകാശപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെന്ന നിലയിൽ വളരെ വേഗം സാദിഖ് ഖാനെ ജനം അറിഞ്ഞു തുടങ്ങി. ആദ്യമായി 1994ല്‍ ടൂട്ടിങ് നഗരസഭയിലേക്ക് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ പാര്‍ലമെന്റ് അംഗമായി. മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ 2009ല്‍ ഗതാഗത മന്ത്രി സ്ഥാനം. 2016 വരെ പാർലമെന്റ് അംഗമായി തുടർന്ന സാദിഖ് പാർലിമെന്റ് അംഗത്വം രാജിവെച്ചാണ് മേയർ ആയി മത്സരിക്കുന്നത്. സാദിഖ് ഖാന്റെ വിജയത്തോടെ

എട്ടു വര്‍ഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടി തലസ്ഥാന നഗരത്തിന്റെ ഭരണം പിടിച്ചെടുത്തു. ലണ്ടന്‍ നഗരത്തിലെ ആദ്യ മുസ്‌ലിം മേയർ കൂടിയായിരുന്നു അദ്ദേഹം.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരുന്നു ഇത്തവണ സാദിഖ് ഖാൻ പ്രചാരണത്തിന് ഊന്നല്‍ നല്‍കിയത്. ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ലണ്ടനിലെ നിവാസികള്‍ എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഞാൻ അത്യധികം വിനീതനാണ്. രണ്ടാം തവണയും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സാദിഖ് ഖാൻ പറഞ്ഞു.

Similar Posts