International Old
കോവിഡോ? അതെന്താ? കാണാം വുഹാനിലെ ആഘോഷം
International Old

കോവിഡോ? അതെന്താ? കാണാം വുഹാനിലെ ആഘോഷം

Web Desk
|
6 May 2021 5:52 AM GMT

വുഹാൻ ഇപ്പോൾ കോവിഡ്​ മുക്തമാണെന്നാണ്​ ഔദ്യോഗിക വിശദീകരണം

കോവിഡ് മഹാമാരി സുനാമിയായി ആഞ്ഞടിച്ചും ഇടയ്ക്കൊന്ന് പിന്‍വാങ്ങിയും വീണ്ടും ആഞ്ഞടിച്ചുമെല്ലാം ലോകരാജ്യങ്ങളെ പിടിച്ചുലയ്ക്കുകയാണ്. എന്നാല്‍ കോവിഡിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ളവര്‍ ഇങ്ങനെയൊരു വൈറസിനെ തന്നെ മറന്നുപോയെന്ന് തോന്നും അടുത്തിടെ പുറത്തുവന്ന വീഡിയോ കണ്ടാല്‍.

പലരും മാസ്​ക്​ ഇടാതെയും സമൂഹ്യ അകലം പാലിക്കാതെയുമാണ് സംഗീതോത്സവത്തില്‍ പങ്കെടുത്തത്​. മെയ് ദിനം മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സ്ട്രോബെറി സംഗീതോത്സവത്തിലാണ് ആളുകള്‍ ഒത്തുകൂടിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ ഓണ്‍ലൈനിലായിരുന്നു.

ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംഗീതോത്സവ സംഘാടകര്‍ അറിയിച്ചത്. ഏകദേശം 11,000 പേര്‍ പങ്കെടുത്തു. ചൈനയിലെ പ്രമുഖ ബാൻഡുകളും ഗായകരും അണിനിരക്കുന്ന ഫെസ്റ്റ്​ വുഹാനിലെ ഗാർഡൻ എക്​സ്​പോ പാർക്കിലാണ്​ നടന്നത്​.

വുഹാൻ നഗരം ഇപ്പോൾ കോവിഡ്​ മുക്തമാണെന്നാണ്​ ഔദ്യോഗിക വിശദീകരണം​. കര്‍ശനമായ നിയന്ത്രണങ്ങളും ലോക്​ഡൗണും കൊണ്ടാണ്​ വൈറസിനെ ഓടിക്കാന്‍ ​ കഴിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. ഇപ്പോള്‍ ഇടയ്ക്ക് ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ പൊതുവെ രോഗവ്യാപനമില്ല. ഗാവോ യൂച്ചെന്‍ എന്ന 23 കാരി പറയുന്നതിങ്ങനെ-

"കഴിഞ്ഞ വര്‍ഷം കൊറോണ കാരണം കുറേ അനുഭവിച്ചു. ഇന്നത്തെ ഈ അവസ്ഥയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. കഠിനമായ പരിശ്രമത്തിലൂടെയാണ് വൈറസ് വിമുക്തമായത്. അതുകൊണ്ട് ഇന്ന് ഈ ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ വളരെ ആവേശം തോന്നുന്നു".

ചൈനയില്‍ ആകെ 90,671 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4636 പേര്‍ മരിച്ചു. കൂടുതലും വുഹാന്‍ സ്വദേശികളായിരുന്നു. 27.5 കോടി ഡോസ് പ്രതിരോധ വാക്സിന്‍ നല്‍കി.

Similar Posts