വാക്സിനെടുത്തവര്‍ക്ക് ആള്‍ക്കൂട്ടത്തില്‍ മാത്രം മാസ്ക് മതിയെന്ന് അമേരിക്ക
|വാക്സിന് ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടവര്‍ക്കാണ് ഇളവു ബാധകം.
കോവിഡ് വാക്സിനേഷൻ പൂർത്തിയായവർക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ അനുവാദം നൽകി അമേരിക്ക. എന്നാല്‍, പൊതുസ്ഥലങ്ങള്‍, സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി ആള്‍ക്കൂട്ടത്തിനിടയില്‍ മാസ്ക് നിര്‍ബന്ധമാണെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) അറിയിച്ചു.
വാക്സിന് ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടവര്‍ക്കാണ് ഇളവു ബാധകമെന്നും സി.ഡി.സി പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. യു.എസിൽ പ്രായപൂർത്തിയായ പൗരന്മാരിൽ പകുതിയിലധികം പേരും ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് അധികൃതർ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ആദ്യ പടിയാണ് പുതിയ മാർഗനിർദേശങ്ങളെന്നും സി.ഡി.സിയുടെ പ്രസ്താവനയില്‍ പറയുന്നു. വാക്സിനേഷന് പ്രക്രിയ ആരംഭിച്ചതിനു പിന്നാലെ യു.എസില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 32.2 ദശലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.