Interviews
സകരിയയുടെ മുഖസാദൃശ്യം വൈറസിലെത്തിച്ചു; ഷെബിന്‍ ബെന്‍സന്‍
Interviews

'സകരിയയുടെ മുഖസാദൃശ്യം വൈറസിലെത്തിച്ചു'; ഷെബിന്‍ ബെന്‍സന്‍

ഇജാസുല്‍ ഹഖ്
|
12 Jun 2019 2:09 PM GMT

2013ല്‍ ഇടുക്കി ഗോള്‍ഡ് എന്ന ആഷിഖ് അബു ചിത്രത്തിലൂടെയാണ് ഷെബിന്‍ ബെന്‍സണ്‍ മലയാള സിനിമയിലെത്തുന്നത്. ശേഷം 12ഓളം മുന്‍നിര സിനിമകളുടെ ഭാഗമായി. ഏറ്റവും ഒടുവില്‍ നിപ പശ്ചാത്തലമായുള്ള ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ പ്രാധ്യാന്യമേറെയുള്ള വേഷത്തില്‍ തന്നെ വെള്ളിത്തിരയിലെത്തി. ഷെബിന്‍ ബെന്‍സണ്‍ വൈറസ്/സിനിമാ അനുഭവങ്ങള്‍ മീഡിയവണുമായി പങ്കുവെക്കുന്നു.

ആറ് വർഷങ്ങൾക്ക് മുൻപ് ആഷിഖ് അബുവിന്റെ ഇടുക്കി ഗോൾഡിലൂടെയായിരുന്നല്ലോ ഷെബിന്റെ സിനിമ കരിയർ തുടക്കം. എങ്ങനെയായിരുന്നു സിനിമയിൽ എത്തുന്നത്?

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ആഷിഖ് അബു ഫേസ്ബുക്കിൽ ഇടുക്കി ഗോൾഡിന്റെ കാസ്റ്റിങ് കാൾ വിളിക്കുന്നത്. ആ സമയത്ത് ഫോട്ടോയെല്ലാം അയച്ചു കൊടുത്തു. പിന്നീട് ഷോർട്ട് ലിസ്റ്റ് ചെയ്ത 30 പേരിൽ ഞാനുമുണ്ടായിരുന്നു. ശേഷം കൊച്ചിയിലെ ഓഡിഷനിൽ പോയി. അങ്ങനെയാണ് പിന്നീട് ഇടുക്കി ഗോൾഡ് എന്ന സിനിമയിലെത്തുന്നത്.

വൈറസ് എന്ന വലിയ സിനിമയുടെ ഭാഗമാകുന്നതെങ്ങനെയാണ്?

വൈറസിന്റെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് ആയിട്ടുള്ള മുഹ്‌സിൻ, സുഹാസ്, ഷറഫു, പിന്നെ അസ്സോസിയേറ്റ് ഡയറക്ടർ ആയ ബിനു പപ്പു. ഇവരാണ് എന്നെ ഇതിലെ യഹ്‌യ എന്ന കാരക്ടറിലോട്ടു നിർദ്ദേശിക്കുകയും ആഷിഖ് അബു സിനിമയിൽ പ്ലെയ്‌സ് ചെയ്യുകയും ചെയ്യുന്നത്.

സിനിമയിൽ സകരിയയുടെ രൂപത്തോടുള്ള സാദൃശ്യം ഷെബിൻ അഭിനയിച്ച യഹ്‌യക്കുണ്ടായിരുന്നു. അത് വൈറസിൽ എത്താൻ കാരണമായോ?

തീർച്ചയായും, സക്കരിയയുടെ രൂപ സാദൃശ്യം തന്നെയാകും എന്നെ വൈറസിലെത്തിച്ചത്‌. എന്നോട് താടിയൊക്കെ വളർത്താൻ പറഞ്ഞിരുന്നു. പിന്നീട് ഷൂട്ടിംഗ് സെറ്റിൽ ആദ്യം എത്തിയപ്പോ എല്ലാവരും പറഞ്ഞു സകരിയയുടെ മുഖത്തോട് സാദൃശ്യമുണ്ടെന്ന്. അത് കൊണ്ട് തീർച്ചയായും അത് വൈറസിൽ എത്താൻ സഹായിച്ചിട്ടുണ്ട്.

അഭിനയം കണ്ട് സംവിധായകൻ സകരിയ എന്ത് പറഞ്ഞു? സംവിധായകൻ സകരിയ തന്നെ 'നമ്മൾ തമ്മിൽ സാദൃശ്യമുണ്ടല്ലോടാ' എന്ന് ചോദിച്ചു. അഭിനയം കണ്ട് നന്നായിട്ടുണ്ടെന്നല്ലാം പറഞ്ഞു. അങ്ങനെയെല്ലാം കേട്ടപ്പോ ഞാനും ശരിക്കും ഹാപ്പിയായി. സകരിയയെ പോലെയുള്ള വലിയൊരു സംവിധായകൻ നമ്മളെ പോലൊരു ആക്ടറിനെ പറ്റി നല്ല കമന്റ്സ് പറയുമ്പോ എങ്ങനെയായാലും നല്ല ഹാപ്പിയായിരിക്കും.

സ്ക്രിപ്റ്റ് എഴുതിയ മുഹ്‌സിൻ, സുഹാസ്, ഷറഫു എന്നിവരെ ക്കുറിച്ച്?

ഞാനാദ്യം പരിചയപ്പെടുന്നത് മുഹ്സിൻക്കയെയാണ്. ഇടുക്കി ഗോൾഡിനും കെ.എൽ ടെൻ പത്തിനുമൊക്കെ ശേഷമാണ് മുഹ്‌സിൻ പരാരിയെ പരിചയപ്പെടുന്നത്. അത് പോലെ മുഹ്‌സിൻക്ക വഴിയാണ് സുഹാസ്, ഷറഫു എന്നിവരെ പിന്നെ പരിചയപ്പെടുന്നത്. പിന്നെ ഇത്‌ പോലെ മുഹ്‌സിൻക്കയുടെ ഫ്ലാറ്റിൽ, എന്റെ ഫ്ലാറ്റൊക്കെ നഷ്ട്ടപ്പെട്ട ആറ്, ഏഴ് മാസം താമസിച്ചിരുന്നു. ഈ സമയങ്ങളിലാണ് ഞാൻ സുഹാസിക്കനെയും ഷറഫുക്കയെയും പരിചയപ്പെടുന്നത്. ഇവരൊക്കെ സിനിമയെ കുറിച്ചൊക്കെ ഒരുപാട് സംസാരിക്കും. അത് വരെ വേറെയൊരു തലത്തിലൊക്കെ സിനിമയെ കുറിച്ചൊക്കെ സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു കണ്ടിരുന്നത്. അത്‌ ഒരുപാട് സഹായിച്ചിട്ടുണ്ട്, അവര് കാണുന്ന സിനിമയെ ക്കുറിച്ച് സംസാരിക്കുന്നത് അവരോട് ഭയങ്കര ഇഷ്ട്ടം തോന്നിയിട്ടുണ്ട്. ഇവരൊക്കെ എത്ര പാഷനേറ്റ് ആണെന്നൊക്കെ, ഇവരുടെ ഒക്കെ കാഴ്ചയിലെ വ്യക്തത വ്യക്തിപരമായി തുടക്കക്കാരൻ എന്ന രീതിയിൽ കുറച്ചധികം തിരിച്ചറിവ് തന്നിട്ടുണ്ട്. അവരുടെ കൂടെ വർക്ക് ചെയ്തതിൽ പേഴ്സണലി വളരെ സന്തോഷം തന്നിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇവരുടെ കൂടെ എന്നെങ്കിലും വർക്ക് ചെയ്യാൻ കഴിയുമോ എന്നത്. ഞാൻ ഒരുപാട് തവണ ചാൻസ് ചോദിച്ചിട്ടുണ്ട് ഇവരോട്. അന്നൊന്നും ഒന്നും ഇല്ലായിരുന്നു. ഇവരൊക്കെ വർഷങ്ങളായി എഴുത്തും പരിപാടികളുമായി നടക്കുന്ന സമയത്തേ ഞാൻ ചാൻസ് ചോദിക്കാറുണ്ട്.

ആറ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ആഷിഖ് അബു സിനിമയിൽ അഭിനയിച്ചപ്പോ തോന്നിയ മാറ്റങ്ങൾ എന്തെല്ലാമാണ്? ആറ് വർഷങ്ങൾക്ക് ശേഷമാണ് ആഷിഖ് അബുവിനൊപ്പം വർക്ക് ചെയ്യുന്നത്. അന്ന് ഇടുക്കി ഗോൾഡിൽ അഭിനയിക്കുമ്പോ ഒരു രീതിയിലുള്ള ടെൻഷനുമില്ല, കാരണം ഒന്നും അറിയില്ല...ആദ്യമായിട്ട് ഒരു സിനിമയിൽ എന്തോ ഭാഗ്യം കൊണ്ട് വരുന്നു. പിന്നെ ഭാഗ്യം കൊണ്ട് എന്തൊ രീതിയിൽ കാസ്റ്റ് ചെയ്യുന്നു. മണിയൻപിള്ള രാജു ചേട്ടന്റെ ചെറുപ്പ കാലം സാദൃശ്യം തോന്നിയത് കൊണ്ടാവാം. അങ്ങനെ എന്തോ ഭാഗ്യത്തിന്റെ പുറത്ത് അതിൽ കാസ്റ്റാവുന്നു. അതിന് ശേഷം ആറ് വർഷങ്ങൾക്കിപ്പുറം വർക്ക്‌ ചെയ്യുമ്പോൾ ഷൈജു ഖാലിദ്‌ ഇക്ക ഒഴിച്ചു മുഴുവൻ ടെക്‌നിക്കൽ ക്രൂസ്ഉം വേറെ ആൾക്കാരാണ്. പക്ഷെ രാജീവേട്ടനാണ് ക്യാമറ, അതൊക്കെ ഭയങ്കര പേടിയായിരുന്നു സത്യം പറഞ്ഞാൽ. ഈ പറഞ്ഞത് പോലെ ചെറുപ്പ കാലങ്ങളാണ് ഞാൻ അധികവും ചെയ്തിട്ടുള്ളത്. ഇടുക്കി ഗോൾഡിലാണെങ്കിൽ മണിയൻപിള്ള രാജു ചേട്ടന്റെ ചെറുപ്പ കാലം. വൈറസിൽ അഭിനയിച്ച ഇന്ദ്രജിത്ത് ഏട്ടന്റെ ചെറുപ്പ കാലം ഞാൻ മോഹൻലാൽ എന്ന സിനിമയിൽ ചെയ്തിട്ടുണ്ട്. അത് പോലെ ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിൽ ചാക്കോച്ചൻ ചേട്ടന്റെ ചെറുപ്പ കാലം ചെയ്തിട്ടുണ്ട്. ഇതിലെ ഫസ്റ്റ് സീൻ തന്നെ ചാക്കോച്ചന്റെ കൂടെയായിരുന്നു. രാജീവേട്ടൻ ക്യാമറ, ചാക്കോച്ചൻ തൊട്ടപ്പുറത്ത്, ശരിക്കും പേടിയായിരുന്നു. പക്ഷേ ഈ പറഞ്ഞ സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് ആയ സുഹാസ്, ഷറഫു, മുഹ്‌സിൻ പിന്നെ സംവിധായകൻ ആഷിഖ് ഇക്ക എന്നിവരൊക്കെ എന്നെ ഭയങ്കരമായി തന്നെ കംഫർട്ട് സോണിലേക്ക് കൊണ്ട് വന്നിരുന്നു. ഭയങ്കര മാറ്റങ്ങളൊന്നും ഈ ആറ് വർഷത്തിനിടയിൽ സത്യത്തിൽ സംഭവിച്ചില്ല. അന്നുമിന്നുമൊക്കെ ഒരേ പോലെയൊക്ക തന്നെയാണ്.

ആഷിഖ് അബു എന്ന ഡയറക്ടറെക്കുറിച്ച്....

എനിക്കിപ്പോഴും ഓർമ്മയുണ്ട്, ഇടുക്കി ഗോൾഡിന്റെ ഓഡിഷൻ കഴിഞ്ഞിട്ട് ആഷിക്കേട്ടനെ ആദ്യമായിട്ട് കണ്ടത്. എന്റെ ഉള്ളിന്റുള്ളിൽ ഇപ്പഴും ആ നെഞ്ചിടിപ്പിണ്ട്. കാരണം ആഷിക്കേട്ടന്റെ അത്രേം വലിയ ഫാനായിരുന്നു ഞാൻ. 22 ഫിമെയിൽ കോട്ടയവും, സാൾട്ട് ആൻഡ്‌ പെപ്പറും എന്നെ ഇൻസ്പയർ ചെയ്തിട്ടുണ്ടായിരുന്നു. അന്നുമിന്നും എന്നും ആഷിക്കേട്ടന്റെ വലിയ ഫാനാണ്. അവര് ചെയ്ത സിനിമകളെല്ലാം കാലഘട്ടത്തിനനുസരിച്ച നല്ല നല്ല സിനിമകളായിരുന്നു. എന്തെങ്കിലും പുതുമ എന്നതിലപ്പുറം കടമ എന്ന രീതിയിലാണ് ആഷിഖ് അബു സിനിമയെ സമീപിക്കാറ്.

Similar Posts