Cricket
രക്ഷയില്ലാ... വീണ്ടും തോറ്റ് മുംബൈ
Cricket

രക്ഷയില്ലാ... വീണ്ടും തോറ്റ് മുംബൈ

Web Desk
|
13 April 2022 3:53 PM GMT

നാല് വിക്കറ്റെടുത്ത ഒഡിയൻ സ്മിത്താണ് മുംബൈയുടെ കൈയ്യില്‍ നിന്ന് ജയം പിടിച്ചുവാങ്ങിയത്.

ഒരു ജയത്തിനായി മുംബൈ ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടിവരും... ജയത്തിന്‍റെ പടിവാതില്‍ക്കല്‍ വരെയെത്തി മുംബൈ വീണ്ടും തോല്‍വിയുടെ കൈപ്പുനീര്‍ കുടിക്കുന്ന കാഴ്ചയാണ് ഇന്ന് ആരാധകര്‍ക്ക് കാണേണ്ടിവന്നത്. സീസണിലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സിന്‍റേത്. ആദ്യം തോല്‍വി മണത്തു, പിന്നെ പ്രതീക്ഷയായി ബ്രെവിസ് എത്തുന്നു, വിജയപ്രതീക്ഷ... അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റ് വീഴുന്നു പിന്നീട് കൂട്ടത്തകര്‍ച്ച. ഒടുവില്‍ 12 റണ്‍സിന്‍റെ പരാജയം.

അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ കളി മാറുകയായിരുന്നു. മുംബൈ ജയം പ്രതീക്ഷിച്ചു നിന്നിടത്ത് സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റ് വീണതോടെയാണ് സകലതും തകിടം മറിഞ്ഞത്. നാല് വിക്കറ്റെടുത്ത ഒഡിയൻ സ്മിത്താണ് മുംബൈയുടെ കൈയ്യില്‍ നിന്ന് ജയം പിടിച്ചുവാങ്ങിയത്.

32 റണ്‍സ് സ്കോര്‍ കാര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായ മുംബൈ വീണ്ടും ഒരു പരാജയം മുന്നില്‍ക്കണ്ടിടത്താണ് ബ്രെവിസ് ടീമിന്‍റെ ഡ്രൈവിങ് സീറ്റിലെത്തുന്നത്. പിന്നീട് മുംബൈ അതിവേഗം കുതിക്കുകയായിരുന്നു. ചാഹറിന്‍റെ ഒരോവറില്‍ തുടര്‍ച്ചയായ നാല് സിക്സറുകള്‍ പറത്തി ബ്രെവിസ് ഡിവില്ലിയേഴ്സുമായുള്ള താരതമ്യം വെറും അതിശയോക്തിയല്ല എന്ന് തെളിയിച്ചു. ഒന്‍പതാം ഓവറിലായിരുന്നു ബ്രെവിസിന്‍റെ ആറാട്ട്. രാഹുല്‍ ചാഹറിനായിരുന്നു തല്ലേറ്റുവാങ്ങാനുള്ള ദുര്യോഗം. 29 റണ്‍സാണ് ചാഹര്‍ ആ ഓവറില്‍ വഴങ്ങിയത്. 32ന് രണ്ടെന്ന നിലയില്‍ നിന്ന് 11 ഓവറില്‍ 116ന് മൂന്ന് എന്ന ശക്തമായ നിലയില്‍ മുംബൈയെ എത്തിച്ച ശേഷമാണ് ബ്രെവിസ് മടങ്ങിയത്. 25 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്സറുമുള്‍പ്പടെ 49 റണ്‍സ് നേടിയ ബ്രെവിസ് സ്മിത്തിന്‍റെ പന്തില്‍ അര്‍ഷ്ദീപ് സിങിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

തിലക് വര്‍മയും ബ്രെവിസിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു. 20 പന്തില്‍ 36 റണ്‍സ് നേടിയ തിലക് വര്‍മയെ നിര്‍ഭാഗ്യം റണ്ണൗട്ടിന്‍റെ രൂപത്തില്‍ പിടികൂടുകയായിരുന്നു. പിന്നീടൊത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവും പൊള്ളാര്‍ഡും ചേര്‍ന്ന് മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും റണ്‍സെടുത്ത പൊള്ളാര്‍ഡ് റണ്ണൗട്ടായതോടെ മുംബൈയുടെ നില വീണ്ടും പരുങ്ങലിലായി. എന്നാല്‍ ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് അധികം നഷ്ടം വരുത്താതെ ടീമിനെ മുന്നോട്ടുകൊണ്ടുപോയപ്പോള്‍ വീണ്ടും മുംബൈ വിജയപ്രതീക്ഷയിലായി. എന്നാല്‍ എല്ലാം വിഫലമാക്കിക്കൊണ്ട് പതിനെട്ടാം ഓവറിലെ നാലാം പന്തില്‍ സൂര്യകുമാര്‍ യാദവിനെ റബാദ സ്മിത്തിന്‍റെ കൈകളില്‍ എത്തിച്ചു.

സീസണില്‍ ആദ്യ ജയം തേടിയിറങ്ങിയ മുംബൈയുടെ പ്രതീക്ഷകളെ ബൌണ്ടറി വര കടത്തുന്ന പ്രകടനമാണ് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കാഴ്ചവെച്ചത്. ഓപ്പണിങ് വിക്കറ്റില്‍ നായകന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയ വെടിക്കെട്ട് തുടക്കം മുതലാക്കിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. പിന്നീട് മുംബൈക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വിക്കറ്റുകള്‍ തുടരെ വീണു. വിജയലക്ഷ്യം അകലെയായി. ഒടുവില്‍ 12 റണ്‍സിന്‍റെ തോല്‍വി.

പഞ്ചാബ് കിംഗ്സിനെതിരെ ടോസ് കിട്ടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ആദ്യ അഞ്ച് ഓവറില്‍ത്തന്നെ മുംബൈക്ക് മനസിലായിരുന്നിരിക്കണം. ഒരറ്റത്ത് പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്‍റെ തകര്‍പ്പനടി, മറുവശത്ത് വിക്കറ്റ് മോശം പന്തുകളെ ബൌണ്ടറി കടത്തി ശിഖര്‍ധവാന്‍റെ ക്ലാസ് ബാറ്റിങും. ആദ്യ ബ്രേക്ത്രൂവിനായി മുംബൈക്ക് ഒന്‍പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ടീം സ്കോര്‍ 97 ല്‍ എത്തിനില്‍ക്കെയാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രണ്ട് സിക്സറും ആറ് ബൌണ്ടറിയുമുള്‍പ്പടെ 32 പന്തില്‍ 52 റണ്‍സെടുത്ത മായങ്ക് ആണ് പുറത്തായത്.

വണ്‍ഡൌണായെത്തിയ ജോണി ബെയര്‍സ്റ്റോയ്ക്ക് അധികം ആയുസുണ്ടായില്ല. ടീം സ്കോര്‍ 127 ല്‍ എത്തിയപ്പോള്‍‌ ഉനദ്ഘട്ടിന്‍റെ പന്തില്‍ ബെയര്‍സ്റ്റോ ബൌള്‍ഡാകുകയായിരുന്നു. മൂന്ന് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ലിവിങ്സ്റ്റണിന്‍റെയും വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര തകരുന്ന കാഴ്ച. അടുത്ത ഊഴം ശിഖര്‍ ധവാന്‍റേതായിരുന്നു. അഞ്ച് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 50 പന്തില്‍ 70 റണ്‍സുമായാണ് ധവാന്‍ മടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയ ജിതേഷ് ശര്‍മ അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ പഞ്ചാബിന്‍റെ സ്കോര്‍ കാര്‍ഡ് കുതിച്ചു. ഒപ്പം ഷാരൂഖ് ഖാനും അവസാന ഓവറില്‍ തകര്‍ത്തടിച്ചു. 15 പന്തില്‍ രണ്ട് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പടെ ജിതേഷ് 30 റണ്‍സെടുത്തപ്പോള്‍ ഷാരൂഖ് ഖാന്‍ ആറ് പന്തില്‍ രണ്ട് സിക്സറുള്‍പ്പടെ 15 റണ്‍സെടുത്തു.

Similar Posts