ബുംറയ്ക്കൊപ്പം ജോഫ്ര ആർച്ചർ; പേസ് മൂർച്ച കൂട്ടി മുംബൈ
|ടി 20യിൽ ഇകോണമി നിരക്ക് കുറവുള്ള ബൗളറാണ് ആർച്ചർ
ജസ്പ്രീത് ബുംറയ്ക്കൊപ്പം മുംബൈ പേസ് നിരയിലേക്ക് ജോഫ്ര ആർച്ചർ കൂടി. താരലേലത്തിന്റെ രണ്ടാം ദിനം എട്ടു കോടി രൂപ നൽകിയാണ് മുംബൈ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ആർച്ചറെ സ്വന്തമാക്കാൻ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ മുംബൈ ലേലം ഉറപ്പിക്കുകയായിരുന്നു. രണ്ടു കോടിയായിരുന്നു അടിസ്ഥാന വില.
ടി 20യിൽ ഇകോണമി നിരക്ക് കുറവുള്ള ബൗളറാണ് ആർച്ചർ. 2020 എഡിഷനിൽ 6.56 ഇകോണമിയിൽ 20 വിക്കറ്റാണ് താരം വീഴ്ത്തിയത്. 2019ൽ 6.70 ഇകോണമിയിൽ 11 വിക്കറ്റ്. 2018ൽ 8.37 ഇകോണമിയിൽ 15 വിക്കറ്റും.
ആർച്ചറിന്റെ വരവോടെ ഈ സീസണിലെ ഏറ്റവും മികച്ച പേസ് നിരയായി മുംബൈ ഇന്ത്യൻസ് മാറുമെന്ന് കമന്റേറ്റർ ഹർഷ ബോഗ്ലെ ട്വിറ്ററിൽ കുറിച്ചു.
ഡാനിയൽ സാം (2.6 കോടി), സഞ്ജയ് യാദവ് (50 ലക്ഷം), തിലക് വർമ (1.7 കോടി), മായങ്ക് മാർകണ്ഡേ (65 ലക്ഷം), ജയ്ദേവ് ഉനക്ദത്ത് (1.3 കോടി) എന്നിവരെയും രണ്ടാം ദിനം മുംബൈ സ്വന്തമാക്കി.