IPL
സർ ജഡ്ഡു ഓൺ ഫയർ; എന്തൊരു ഇന്നിങ്‌സാണിതെന്ന് നസ്രിയ ഫഹദ്
IPL

സർ ജഡ്ഡു ഓൺ ഫയർ; എന്തൊരു ഇന്നിങ്‌സാണിതെന്ന് നസ്രിയ ഫഹദ്

Web Desk
|
25 April 2021 12:56 PM GMT

വിസിൽപോട് ആർമി എന്ന ഹാഷ്ടാഗിലാണ് നസ്രിയ ട്വീറ്റ് പങ്കുവച്ചത്

ബാംഗ്ലൂരിനെതിരെയുള്ള അവസാന ഓവറിൽ 37 റൺസ് അടിച്ചുകൂട്ടിയ രവീന്ദ്ര ജഡേജയെ വാഴ്ത്തി നടി നസ്രിയ ഫഹദ്. 'അവസാന ഓവറിൽ 37 റൺസ്. സർ ജഡ്ഡു ഓൺ ഫയർ' എന്നാണ് നസ്രിയയുടെ ട്വിറ്റർ കുറിപ്പ്. വിസിൽപോട് ആർമി എന്ന ഹാഷ്ടാഗിലാണ് നസ്രിയ ട്വീറ്റ് പങ്കുവച്ചത്.


ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിലാണ് നാലു സിക്‌സറും ഒരു ഫോറും സഹിതം രവീന്ദ്ര ജഡേജ 36 റൺസ് അടിച്ചുകൂട്ടിയത്. ഒരു നോബോൾ സഹിതം മൊത്തം 37 റൺസ്. ജഡേജ 28 പന്തിൽ നിന്ന് 62 റൺസ് സ്വന്തമാക്കി.

അവസാന ഓവർ എറിയാനെത്തുമ്പോൾ മൂന്ന് ഓവറിൽ 14 റൺസ് മാത്രമാണ് പട്ടേൽ വിട്ടു കൊടുത്തിരുന്നത്. മൂന്നു വിക്കറ്റും സ്വന്തമായുണ്ടായിരുന്നു. എന്നാൽ ഇരുപതാം ഓവറിലെ ആദ്യ പന്ത് തന്നെ ജഡേജ ഡീപ് മിഡ് വിക്കറ്റിനും ലോങ് ഓണിനും ഇടയിലൂടെ ഗ്യാലറിയിലെത്തിച്ചു. രണ്ടാം പന്തിൽ യോർക്കർ എറിയാനുള്ള ശ്രമം പിഴച്ചു. ഫുൾടോസ് ആയി വന്ന പന്തിൽ വീണ്ടും സിക്‌സർ. നോബോളായി വന്ന അടുത്ത പന്തും സിക്‌സർ. മൂന്നാം പന്ത് ഫ്രീ ഹിറ്റ്. മിഡ് വിക്കറ്റിലൂടെ ജഡേജ അതും സിക്‌സറിനു തൂക്കി. നാലാം പന്തിൽ രണ്ട് റൺസ് മാത്രമേ എടുക്കാനായുള്ളൂ. എന്നാൽ അടുത്ത രണ്ടു പന്തുകളിൽ സിക്‌സറും ഫോറും അടിച്ച് ജഡേജ കണക്കു തീർത്തു.

3-0-14-3 എന്ന നിലയിൽ നിന്ന് 20 ഓവർ കഴിയുമ്പോൾ ഹർഷൽ പട്ടേലിന്റെ ബൗളിങ് സ്ഥിതിവിവരക്കണക്കിങ്ങനെ; 4-0-51-3.

ടി20 ക്രിക്കറ്റിൽ ഒരു ഓവറിൽ 36 റൺസ് സ്‌കോർ ചെയ്യുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനാണ് ജഡേജ. യുവരാജ് സിങ്, ക്രിസ് ഗെയിൽ, റോസ് വൈറ്റ്‌ലി, കരൺ പൊള്ളാർഡ്, ഹസ്‌റത്തുല്ല സസായ്, ലിയോ കാർട്ടർ എന്നിവരാണ് മറ്റുള്ളവർ. ഐപിഎല്ലിലെ ഒരു ഓവറിൽ അഞ്ചു സിക്‌സറുകൾ പായിച്ചത് ജഡേജയെ കൂടാതെ, തെവാത്തിയയും ഗെയിലുമാണ്. കോട്രലിന് എതിരെയായിരുന്നു തെവാത്തിയയുടെ പ്രകടനം. ഗെയിൽ കശക്കിയത് രാഹുൽ ശർമ്മയെയും.

Similar Posts