തകര്‍പ്പനടിയുമായി രാഹുലും ഗെയിലും; പഞ്ചാബിന് മികച്ച സ്കോര്‍
|കുറേ നാളിന് ശേഷം ക്രിസ് ഗെയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചപ്പോള്‍ പതിയെ തുടങ്ങിയ രാഹുല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയായിരുന്നു.
പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 180 റണ്‍സ് വിജയലക്ഷ്യം. തകര്‍പ്പന്‍ അടിയുമായി പഞ്ചാബ് ബാറ്റിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ രാഹുലും ക്രിസ് ഗെയിലുമാണ്. കുറേ നാളിന് ശേഷം ക്രിസ് ഗെയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചപ്പോള്‍ പതിയെ തുടങ്ങിയ രാഹുല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയായിരുന്നു. 24 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ 46 റണ്‍സാണ് ഗെയിലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഡാനിയല്‍ സാംസിന്‍റെ പന്തില്‍ എബി ഡിവില്ലിയേഴ്സിന് ക്യാച്ച് നല്‍കിയാണ് ഗെയില്‍ മടങ്ങിയത്. ഗെയില്‍ പുറത്തായതിന് ശേഷമാണ് രാഹുല്‍ ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റിയത്. 57 പന്തില്‍ ഏഴ് ബൌണ്ടറിയും അഞ്ച് സിക്സറുമടക്കം 91 റണ്‍സ് നേടി രാഹുല്‍ പുറത്താകാതെ നിന്നു. ഇരുവരുടേയും മികവില്‍ പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി.
മായങ്ക് അഗര്‍വാളിന്‍റെ അഭാവത്തില്‍ പ്രഭ്സിമ്രാന്‍ സിംഗിനെ ഓപ്പണിംഗ് ഇറക്കിയ പഞ്ചാബ് കിംഗ്സിന്റെ പരീക്ഷണം പാളിയെങ്കിലും വണ്‍ഡൌണായെത്തിയ ക്രിസ് ഗെയില്‍ സംഹാര താണ്ഡവമാടിയതോടെ ടീം സ്കോര്‍ ചലിക്കുകയായിരുന്നു. 80 റണ്‍സാണ് ഗെയിലും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 24 പന്തില്‍ 46 റണ്‍സ് നേടിയ ഗെയിലിന്‍റെ വിക്കറ്റ് ഡാനിയേല്‍ സാംസ് ആണ് നേടിയത്. തൊട്ടടുത്ത ഓവറില്‍ നിക്കോളസ് പൂരനും പുറത്തായതോടെ പഞ്ചാബ് 107/3 എന്ന നിലയിലേക്ക് വീണു. ഗെയിലിന്റെ വിക്കറ്റ് നഷ്ടമായ ശേഷം തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ പഞ്ചാബിന്‍റെ സ്കോറിംഗ് നിരക്ക് താഴുന്ന കാഴ്ചയാണ് കണ്ടത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 18ാം ഓവറില്‍ ആണ് പിന്നീട് പഞ്ചാബ് താളം കണ്ടെത്തിയത്. അവസാന ഓവറില്‍ ക്യാപ്റ്റന്‍ രാഹുലിന്‍റെ അടി കൂടിയായതോടെ പഞ്ചാബ് 170 കടക്കുകയായിരുന്നു.