സ്‌റ്റേഡിയത്തിൽ മണൽക്കാറ്റ്; ഡൽഹി-ബാഗ്ലൂർ മത്സരത്തിൽ ഡൽഹിയുടെ ബാറ്റിങ് വൈകുന്നു
|അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
സ്‌റ്റേഡിയത്തിൽ പെട്ടെന്ന് വീശിയടിച്ച മണൽക്കാറ്റ് മൂലം ഡൽഹി-ബാഗ്ലൂർ മത്സരത്തിൽ ഡൽഹിയുടെ ബാറ്റിങ് വൈകുന്നു. ബാഗ്ലൂർ ഉയർത്തിയ 172 റൺസ് പിന്തുടരാൻ ഡൽഹി ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് മണൽക്കാറ്റ് വീശിയടിച്ചത്. നേരത്തെ ഡിവില്ലേഴ്‌സിന്‍റെ അർധ സെഞ്ച്വറി മികവിലാണ് ബാഗ്ലൂർ മികച്ച സ്‌കോർ നേടിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ബാഗ്ലൂർ നേടിയത്. മികച്ച ഫോമിൽ നിൽക്കുന്ന ഡിവില്ലേഴ്സിനെതിരേ അവസാന ഓവർ എറിഞ്ഞ സ്റ്റോയിനിസ് ആ ബാറ്റിൻറെ ചൂട് നന്നായറിഞ്ഞു. അവസാന ഓവറിലെ 3 സിക്സറടക്കം 42 പന്തിൽ 75 റൺസാണ് ഡിവില്ലേഴ്സ് നേടിയത്.
ഓപ്പണിങ് ഇറങ്ങിയ നായകൻ വിരാട് കോലിയും ദേവ്ദത്ത് പടിക്കലിനും അധികമൊന്നും ചെയ്യാൻ സാധിച്ചില്ല കോലി 12 റൺസിനും പടിക്കൽ 17 റൺസുമായും മടങ്ങി. രണ്ടുപേരും ബൗൾഡാവുകയായിരുന്നു. പിന്നാലെ വന്ന രജത് പടിദാർ 31 റൺസ് നേടി. തകർത്തടിക്കുമെന്ന് പ്രതീക്ഷിച്ച മാക്സ് വെല്ലിന് 20 പന്തിൽ 25 റൺസ് നേടാനെ സാധിച്ചുള്ളൂ. വാഷിങ് ടൺ സുന്ദറും നിരാശപ്പെടുത്തി. ആറ് റൺസ് മാത്രമാണ് സുന്ദറിന്‍റെ സമ്പാദ്യം. ഡാനിയൽ സാംസ് മൂന്ന് റൺ നേടി. ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ, റബാദ, ആവേശ് ഖാൻ, അമിത് മിശ്ര, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.