ബട്‍ലര്‍ ഷോയില്‍ രാജസ്ഥാന്‍; ഹൈദരാബാദിനെ തകര്‍ത്തത് 55 റണ്‍സിന്
|ഐ.പി.എല്ലില്‍ രാജസ്ഥാന്‍ വിജയവഴിയില്‍. സണ്‍റൈസേഴ്സ് ഹൈദരബാദിനെ തകര്‍ത്തത് 55 റണ്‍സിന്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ വിജയവഴിയില്‍. സണ്‍റൈസേഴ്സ് ഹൈദരബാദിനെ തകര്‍ത്തത് 55 റണ്‍സിന്. 31 റണ്‍സ് നേടിയ മനീഷ് പാണ്ഡേയും 30 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയും മാത്രം ഹൈദരാബാദിന് വേണ്ടി തിളങ്ങിയപ്പോള്‍ നായകന്‍ കെയിന്‍ വില്യംസണ്‍ 20 റണ്‍സ് നേടി പുറത്തായി. നേരത്തെ ജോസ് ബട്‍ലറിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടിയത്.
രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോസ് ബട്‍ലറും സഞ്ജു സാംസണും ചേര്‍ന്നുള്ള ബാറ്റിംഗ് കൂട്ടുകെട്ടാണ് രാജസ്ഥാന് ശക്തമായ അടിത്തറ നല്‍കിയത്. 150 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 17ാം ഓവറില്‍ 33 പന്തില്‍ 48 റണ്‍സ് നേടിയ സഞ്ജു പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. വിജയ് ശങ്കറിന്‍റെ ഓവറില്‍ അബ്ദുള്‍ സമദ് ബൗണ്ടറിയില്‍ മികച്ച ക്യാച്ചിലൂടെയാണ് സഞ്ജുവിനെ പുറത്താക്കിയത്.
സഞ്ജു പുറത്തായ ശേഷം സെഞ്ച്വറി തികച്ച ജോസ് ബട്‍ലര്‍ അടി തുടര്‍ന്നപ്പോള്‍ രാജസ്ഥാന്‍ 200 കടക്കുകയായിരുന്നു. 64 പന്തില്‍ 124 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍ 19ാം ഓവറിന്‍റെ അവസാന പന്തിലാണ് പുറത്തായത്. ഇതിനിടെ റിയാന്‍ പരാഗിനൊപ്പം മൂന്നാം വിക്കറ്റില്‍ ബട്‍ലര്‍ 42 നേടിയിരുന്നു.
ഹൈദരാബാദിനായി ജോണി ബൈര്‍സ്റ്റോയും മനീഷ് പാണ്ഡേയും പവര്‍പ്ലേയില്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു. മുസ്തഫിസുര്‍ മനീഷിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 5 പന്തില്‍ 17 റണ്‍സ് നേടിയ മുഹമ്മദ് നബി മാത്രമാണ് പിന്നെ പൊരുതി നോക്കിയ മറ്റൊരു താരം. മൂന്ന് വീതം വിക്കറ്റുമായി ക്രിസ് മോറിസും മുസ്തഫിസുര്‍ റഹ്മാനും രാജസ്ഥാന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.