ISL
adrian luna
ISL

'അങ്ങനെ നീയിപ്പോ ഫ്രീകിക്ക് എടുക്കേണ്ട'; ചിരി പടർത്തി അഡ്രിയാൻ ലൂണ

Web Desk
|
22 Sep 2023 6:34 AM GMT

സുനില്‍ ഛേത്രി കഴിഞ്ഞ ഐഎസ്എല്ലില്‍ എടുത്ത ക്വിക് ഫ്രീ കിക്കിനെ റോസ്റ്റ് ചെയ്ത് ബ്ലാസ്റ്റേഴ്സ് നായകന്‍

ഐഎസ്എൽ പത്താം സീസണിലെ ആദ്യ മത്സരം ജയത്തോടെ തുടങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം തട്ടകമായ കൊച്ചിയിൽ ചിരവൈരികളായ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. കഴിഞ്ഞ സീസണിന്റെ തുടർച്ചയെന്ന നിലയിൽ ഹൈവോൾട്ടേജ് പോരിനാണ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സാക്ഷിയായത്.

അതിനിടെ, ചില ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും കളിയിലുണ്ടായി. ബംഗളൂരുവിന് ലഭിച്ച ഫ്രീകിക്ക് വേഗത്തിൽ എടുക്കാൻ ശ്രമിച്ചതിന് തടയിട്ട ലൂണയുടെ നീക്കമാണ് റഫറി രാഹുല്‍ കുമാര്‍ ഗുപ്തയില്‍ അടക്കം ചിരി പടര്‍ത്തിയത്.

കളിയുടെ 81-ാം മിനിറ്റിലായിരുന്നു സംഭവം. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് ഏകദേശം മുപ്പതു വാര അകലെ വച്ച് ലൂന ബംഗളൂരു മിഡ്ഫീൽഡർ ഹാവി ഹെർണാണ്ടസിനെ വീഴ്ത്തുന്നു. തൊട്ടുപിന്നാലെ റഫറിയുടെ ഫൗൾ വിസിൽ. ഫ്രീകിക്ക് എടുക്കാൻ വന്ന ഹാവിക്ക് തൊട്ടുമുമ്പിൽ ലൂണ നിലയുറപ്പിച്ചു. ക്വിക്ക് ഫ്രീക്ക് എടുക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. സംഭവം മനസ്സിലാക്കിയ റഫറി ചിരിച്ച് ലൂനയോട് പിന്നോട്ടു പോകാൻ ആവശ്യപ്പെട്ടു. ഹാവി ഹെർണാണ്ടസും ചിരിയിൽ പങ്കുകൊണ്ടു. 'ദിസ് ഈസ് ദ മോസ്റ്റ് ഐകോണിക് മൊമെന്‍റ് സൊഫാര്‍ ഇന്‍ ദിസ് സീസണ്‍' എന്നാണ് കമന്‍റേറ്റര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്.



കഴിഞ്ഞ സീസണിൽ സമാനമായ സംഭവത്തിലാണ് സുനിൽ ഛേത്രി ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോൾ നേടിയത്. ഗോൾ കീപ്പർ പ്രഭ്‌സുഖൻ ഗിൽ ഡിഫൻസീവ് മതിൽ സെറ്റ് ചെയ്യുന്നതിനിടെ ഛേത്രി പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റുകയായിരുന്നു. റഫറി പന്തു മാർക്ക് ചെയ്തു വച്ചിന് ശേഷമായിരുന്നു ഛേത്രിയുടെ കിക്ക്. ഇതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കളി മതിയാക്കാതെ മൈതാനം വിട്ടത് ഏറെ ചർച്ചയായിരുന്നു. സംഭവത്തില്‍ കടുത്ത നടപടിയെടുത്ത അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ടീമിന് നാലു കോടി രൂപ പിഴയും കോച്ച് ഇവാൻ വുകുമനോവിച്ചിന് പത്തു മത്സരങ്ങളിൽ വലക്കുമേർപ്പെടുത്തി.

പഴയ പോരിന്റെ ഓർമയിൽ കോച്ചില്ലാതെയാണ് ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരുവിനെ നേരിട്ടത്. ബംഗളൂരു പ്രതിരോധ താരം കെസിയ വീൻഡ്രോപിന്റെ ഓൺ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യം മുമ്പിലെത്തിയത്. 69-ാം മിനിറ്റിൽ ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിന്റെ പിഴവിൽനിന്ന് അഡ്രിയാൻ ലൂണ രണ്ടാം ഗോൾ നേടി. 90-ാം മിനിറ്റിൽ കുർടിസ് മെയ്ൻ ആണ് സന്ദർശകരുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Similar Posts