ആശാൻ കൂളാണ്, വെരി വെരി കൂൾ; മിന്നും ജയത്തിന് ശേഷം കോച്ച് ഇവാൻ ഇങ്ങനെ
|നിർണായക മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം
ഐഎസ്എല്ലിൽ മുംബൈ സിറ്റിക്ക് എഫ്സിക്കെതിരെ നേടിയ വിജയത്തിനു ശേഷം പതിവു പോലെ സൂപ്പർ കൂളായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ച്. വിജയദിനത്തിന് പിറ്റേന്ന് ഉദ്യാനത്തിലെ കസേരയിൽ കണ്ണടച്ചിരിക്കുന്ന ചിത്രമാണ് കോച്ച് പങ്കുവച്ചത്. തന്റെ ഇരിപ്പ് ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറെ നോക്കി തംപടിക്കുന്ന ചിത്രവും ഇവാൻ പങ്കുവച്ചിട്ടുണ്ട്.
'വിശ്രമിച്ച് ഒരു സൂര്യോദയം ആസ്വദിക്കാമെന്ന് കരുതുമ്പോഴും സുഹൃത്ത് ഡേവിഡ് ക്യാമറയുമായി സജീവമാണ്' - എന്നാണ് ഇവാൻ വുകുമനോവിച്ച് ട്വിറ്ററിൽ കുറിച്ചത്. ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെ ഇവാൻ ടാഗ് ചെയ്തിട്ടുണ്ട്.
ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിട്ടുള്ളത്. 'അൺ സ്റ്റോപ്പബ്ൾ ബോസ്, മാന്ത്രിക നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി, ആശാനേ സുപ്രഭാതം, നിങ്ങൾ അർഹിക്കുന്നു.. നന്ദി' - എന്നിങ്ങനെ പോകുന്നു കമന്റുകൾ.
When you think you could chill out and have a relaxed sunrise 🌄 and your big friend Davis is always alert 📸 😂👍🏻#KoodeyundManjappada #YennumYellow
— Ivan Vukomanovic (@ivanvuko19) March 3, 2022
Good morning Kerala! 💛💙💛@KeralaBlasters @kbfc_manjappada pic.twitter.com/gWh4JkMTXd
നിർണായക മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. മലയാളി താരം സഹൽ അബ്ദുസ്സമദ് മനോഹരമായ സോളോ ഗോളോടെ തുടക്കമിട്ട സ്കോറിങ് ഇരട്ട ഗോളുമായി അൽവാരോ വാസ്ക്വെസ് ഏറ്റെടുത്തപ്പോൾ ആധികാരികമായാണ് തിലക് മൈതാനിൽ മഞ്ഞപ്പട ജയിച്ചു കയറിയത്. എഫ്.സി ഗോവക്കെതിരായ അടുത്ത മത്സരത്തിൽ തോൽക്കാതിരുന്നാൽ ബ്ലാസ്റ്റേഴ്സിന് 2016-നു ശേഷം ആദ്യമായി സെമി കളിക്കാം.
സെമിഫൈനൽ പ്രവേശത്തിന് ജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് കളി തങ്ങൾക്കനുകൂലമാക്കി മാറ്റിയിരുന്നു. മലയാളി താരം സഹൽ അബ്ദുസ്സമദ്, ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി മഞ്ഞപ്പടയെ മുന്നിലെത്തിച്ചപ്പോൾ ഹാഫ് ടൈമിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ അൽവാരോ വാസ്ക്വെസ് ആണ് ലീഡുയർത്തിയത്. സ്വയം സമ്പാദിച്ച പെനാൽട്ടി അൽവാരോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
71ാം മിനുട്ടിൽ പെനാൽട്ടിയിലൂടെ ഒരു ഗോൾ മടക്കിയ മുംബൈ തിരിച്ചുവരവിന്റെ സൂചന കാണിച്ചെങ്കിലും ശക്തമായ പ്രതിരോധത്തിലൂടെ ബ്ലാസ്റ്റേഴ്സ് കൂടുതൽ നഷ്ടങ്ങളില്ലാതെ കാത്തു.
19 പോയിന്റോടെ ടേബിളിൽ നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് സെമിയിലെത്തണമെങ്കിൽ ഗോവക്കെതിരെ സമനില മാത്രം മതി. അവസാന കളിയിൽ മുംബൈ ജയിക്കാതിരിക്കുകയാണെങ്കിൽ ഗോവയോട് തോറ്റാലും മഞ്ഞപ്പടക്ക് അവസാന നാലിൽ ഫിനിഷ് ചെയ്യാനാകും.