ഒരു ചെമ്പ് മന്തി ഫ്രീ, ക്ഷേത്രത്തിൽ വഴിപാട്.... ബ്ലാസ്റ്റേഴ്സ് ആരാധകർ ത്രില്ലിലാണ്
|നാളെ വൈകിട്ട് ഏഴരയ്ക്കാണ് ഐഎസ്എല്ലിലെ സ്വപ്ന ഫൈനൽ
കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ അകം നിറയെ ഇപ്പോൾ ഒരു മന്ത്രമേയുള്ളൂ- കേരള ബ്ലാസ്റ്റേഴ്സ്. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ആരവങ്ങളിലേക്ക് നിമിഷങ്ങളെണ്ണി കണ്ണും കരളും കൊടുത്തിരിക്കുന്നു അവർ. കാറ്റൂതി നിറച്ച തുകൽപ്പന്തിന്റെ ആവേശം നേരിട്ടു കാണാൻ ചിലർ ഗോവയിലേക്ക് വച്ചുപിടിച്ചു. മഞ്ഞയിൽ കുളിച്ചു നിൽക്കുന്നു ശരിക്കുമിപ്പോൾ ഗോവ.
ഗോവയിലെ ആരവങ്ങളിലേക്ക് പോയവർക്കൊപ്പം നാട്ടിൽ പ്രാർത്ഥനയുമായി കഴിയുന്ന ചില ആരാധകരുമുണ്ട്. അങ്ങനെയൊരു ചിത്രം വൈറലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പേരില്‍ നടത്തിയ വഴിപാടിന്റെ ടോക്കണാണ് വൈറലായി മാറിയത്. 12 രൂപയടച്ച് പുഷ്പാഞ്ജലി സമർപ്പിച്ചതിന്റെ ടോക്കണ്‍ ശ്രീലക്ഷ്മി ലാൽ എന്ന ട്വിറ്റർ യൂസറാണ് പങ്കുവച്ചിട്ടുള്ളത്. 'എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്. നമ്മൾ നാളെ ഫൈനൽ ജയിക്കും. ഐഎസ്എൽ കപ്പ് കൊച്ചിയിലോട്ട് കൊണ്ടുവരുവേം ചെയ്യും' - എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിട്ടുള്ളത്.
കേരളം കപ്പടിച്ചാൽ ഒരു ചെമ്പ് മന്തിയാണ് കോതമംഗലത്തെ ഫാർസി അറബിക് കഫേ വാഗ്ദാനം ചെയ്യുന്നത്. കപ്പടിക്കുകയാണെങ്കിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിഞ്ഞു ഹോട്ടലിലെത്തുന്ന ആദ്യത്തെ നൂറ് ആരാധകർക്കാണ് സൗജന്യ മന്തി.
നാളെ വൈകിട്ട് ഏഴരയ്ക്കാണ് ഐഎസ്എല്ലിലെ സ്വപ്ന ഫൈനൽ. ഹൈദരാബാദ് എഫ്സിയാണ് കേരളത്തിന്റെ എതിരാളികൾ. മത്സരത്തിൽ മഞ്ഞ ജഴ്സി അണിയാൻ കേരള ടീമിനാകില്ല എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്ന ഏകഘടകം.
സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് ഫറ്റോർഡ. ഇവിടെ എട്ടു കളിയിൽ ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. അഞ്ച് മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു. 24 ഗോളുകൾ ഇവിടെ ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് 11 എണ്ണം മാത്രം. ലീഗ് ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിനു മുകളിലാണ് ഹൈദരാബാദിന്റെ സ്ഥാനം. 20 കളിയിൽ നിന്ന് 11 ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി രണ്ടാമതായാണ് ഹൈദരാബാദ് സെമിയിലേക്ക് കടന്നത്. ബ്ലാസ്റ്റേഴ്സ് നാലാമതായും.