ISL
കളിയഴകല്ല, പോയിന്റാണ് ലക്ഷ്യം: ഇവാൻ വുകുമനോവിച്ച്
ISL

കളിയഴകല്ല, പോയിന്റാണ് ലക്ഷ്യം: ഇവാൻ വുകുമനോവിച്ച്

Web Desk
|
19 Feb 2022 10:02 AM GMT

അടുത്ത വർഷം ഇതേ കളിക്കാരെ തന്നെ നിലനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻബഗാനെതിരെയുള്ള മത്സരത്തിന് മുമ്പ് നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച്. കളിയിലെ സൗന്ദര്യത്തിലല്ല, പോയിന്റാണ് ലക്ഷ്യമിടുന്നതെന്ന് വുകുമനോവിച്ച് പറഞ്ഞു. തുടര്‍ച്ചയായ 11 മത്സരങ്ങളിൽ തോൽവിയറിയാതെ വരുന്ന എ.ടി.കെയുമായുള്ള മത്സരം കേരള ടീമിന് കടുത്ത വെല്ലുവിളിയാണ് എന്നാണ് കരുതപ്പെടുന്നത്.

ഈസ്റ്റ് ബംഗാളിനെതിരെ നേടിയ വിജയത്തിന് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് കൊൽക്കത്തൻ വമ്പന്മാരെ നേരിടുന്നത്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ ആവർത്തനം കൂടിയാണ് ഇന്നത്തെ പോരാട്ടം. ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളിനാണ് എ.ടി.കെ ജയിച്ചിരുന്നത്. എന്നാൽ അതിനു ശേഷം ഏറെ മാറിയ കേരള ടീം ഇപ്പോൾ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. കൊൽക്കത്തൻ ടീം രണ്ടാം സ്ഥാനത്തും.

കൊൽക്കത്ത മികച്ച ടീമാണെന്നും എന്നാൽ മൂന്നു പോയിന്റാണ് ലക്ഷ്യമെന്നും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് വ്യക്തമാക്കി. 'ഫുട്‌ബോളിലെ സൗന്ദര്യം മിക്ക ടീമുകളും കാര്യമാക്കുന്നില്ല. ഗോൾ വഴങ്ങാതിരിക്കാനുള്ള പ്രതിരോധ അച്ചടക്കത്തിലാണ് ശ്രദ്ധ. സീസണിന്റെ അവസാനത്തിൽ കൂടുതൽ സുരക്ഷിതവും സമഗ്രവുമാകേണ്ടതുണ്ട്. കിട്ടുന്ന കുറച്ച് അവസരങ്ങൾ സമർത്ഥമായി ഉപയോഗിക്കണം. അതു കൊണ്ടു തന്നെ കളി കൂടുതൽ മനോഹരമാകണം എന്നില്ല' - അദ്ദേഹം പറഞ്ഞു.

യുവകളിക്കാരുടെ പ്രകടനത്തിൽ കോച്ച് സംതൃപ്തി രേഖപ്പെടുത്തി. 'എല്ലാ കളിക്കാരിലും ഞാൻ സന്തോഷവാനാണ്. സഞ്ജീവ് സ്റ്റാലിൻ, ബിജോയ് വർഗീസ് തുടങ്ങിയവരിൽ പ്രത്യേകിച്ചും. എട്ടൊമ്പത് മാസത്തെ ടൂർണമെന്റ് ആയിരുന്നുവെങ്കിൽ അവർക്ക് കൂടുതൽ സമയം കളിക്കാൻ കിട്ടുമായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം ഇതേ കളിക്കാരെ തന്നെ നിലനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ചെറിയ കാലയളവിൽ ഫുട്‌ബോളിൽ ഒന്നും ചെയ്യാനാകില്ല. ഐഎസ്എല്ലിൽ ഒരു മാസം കൊണ്ട് നേട്ടങ്ങൾ കൊയ്യണമെന്ന് പറഞ്ഞാൽ അത് സാധ്യമാകില്ല. ആദ്യ നാലിലെത്താൻ ഒരേ ടീമിനെ ദീർഘകാലത്തേക്ക് നിലനിർത്തുകയാണ് വേണ്ടത്' - വുകുമനോവിച്ച് പറഞ്ഞു.

Similar Posts