ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യൻ മിഡ്ഫീൽഡർ യൂറോപ്പിലേക്ക്
|ഗ്രീസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്‌ഐ ക്രെറ്റയില്‍ നിന്നാണ് ക്ഷണം
കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ പരിശീലനത്തിനായി യൂറോപ്പിലേക്ക്. ഗ്രീസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്‌ഐ ക്രെറ്റയിലാണ് വിബിന് പരിശീലന അവസരം ലഭിച്ചത്. ഒരു മാസത്തെ പരിശീലനത്തിന് ശേഷം താരം തിരിച്ചെത്തും. ഔദ്യോഗിക അറിയിപ്പിലൂടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് വിവരം പങ്കുവച്ചത്.
ഗ്രീക്കിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നാണ് ഒഎഫ്‌ഐ ക്രെറ്റ. കേരള ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പ്രതികരിച്ചു. വിബിനിലൂടെ മറ്റു യുവതാരങ്ങൾക്കു കൂടി യൂറോപ്പിലെ പരിശീലനത്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താരത്തെ യൂറോപ്യൻ സാഹചര്യങ്ങളിൽ കാണുന്നതിൽ സന്തോഷം. ഇതിന് ഒഎഫ്‌ഐ ക്രെറ്റ അധികൃതരോട് നന്ദി പറയുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനത്തിന്റെ ആദ്യ ഘട്ടം (ജൂലൈ 3-14) ക്രെറ്റ ക്ലബിന്റെ പ്രീ സീസൺ തയ്യാറെടുപ്പുകളിലാണ്. രണ്ടാം ഘട്ടം നെതർലാൻഡ്‌സിലും. ജൂലൈ 15 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ എസ്.സി ഹീരെൻവീൻ, എഫ്‌സി എൻഎസി, എഫ്‌സി യുട്രെറ്റ് എന്നിവയുമായി ക്രെറ്റെ സൗഹൃദ മത്സരം കളിക്കും. ഇതില്‍ വിബിന് ഇടം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് അക്കാദമി താരങ്ങളായ ഐയ്മനും അസ്ഹറും പോളിഷ് ക്ലബിൽ പരിശീലനത്തിനായി പോയിരുന്നു.