'പണത്തിനു മീതെ ചിലതുണ്ട്, ബ്ലാസ്റ്റേഴ്‌സ് വിടില്ല'; മനസ്സു തുറന്ന് ഇവാൻ വുകുമനോവിച്ച്
|ടൂർണമെന്റിലെ ഏറ്റവും മികച്ച കോച്ചെന്ന വിശേഷണം ചാർത്തിക്കിട്ടിയ ഇവാനെ വമ്പന്‍ ക്ലബുകൾ നോട്ടമിട്ടതായി സംസാരങ്ങളുണ്ടായിരുന്നു.
ഐഎസ്എൽ ചരിത്രത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കിയ ഏറ്റവും മികച്ച ടീമാണ് ഈ സീസണിലേത് എന്ന വിലയിരുത്തലിലാണ് ഫുട്‌ബോൾ ലോകം. സീസൺ പാതി പിന്നിടുമ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ. ആ മാറ്റത്തിന് എല്ലാവരും മാർക്ക് നൽകുന്ന ഒരേയൊരു പേരേയുള്ളൂ- സെർബിയൻ പരിശീലകൻ ഇവാൻ വുകുമനോവിച്ച്.
ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും പ്രകടത്തിന് പിന്നാലെ, ടൂർണമെന്റിലെ ഏറ്റവും മികച്ച കോച്ചെന്ന വിശേഷണം ചാർത്തിക്കിട്ടിയ ഇവാനെ മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ തുടങ്ങിയ ക്ലബുകൾ നോട്ടമിട്ടതായി സംസാരങ്ങളുണ്ടായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരുടെ നെഞ്ചിൽ കോരിയിട്ട ആ അന്വേഷണങ്ങൾക്ക് ഒടുവിൽ മറുപടി പറയുകയാണ് വുകുമനോവിച്ച്. മാനേജ്‌മെന്റിലും കളിക്കാരിലും സംതൃപ്തനാണ് എന്നും ടീം വിടാൻ ആലോചിച്ചിട്ടേയില്ല എന്നും അദ്ദേഹം പറയുന്നു.
Ivan Vukomanovic🎙️: "My parents taught me that there are certain things that money can never buy - pride, dignity and character. I'm happy at Kerala Blasters and with their management. Moving to another club in India now, or after this season, no, it will not happen."#KBFC #ISL
— IFTWC (@IFTWC) January 15, 2022
'പണത്തിന് വാങ്ങാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്ന് എന്നെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടുണ്ട്. അഭിമാനവും അന്തസ്സും വ്യക്തിത്വവുമാണത്. കെബിഎഫ്‌സിയിലും മാനേജ്‌മെന്റിലും ഞാൻ സന്തുഷ്ടനാണ്. മറ്റൊരു ക്ലബിലേക്ക് മാറുന്നത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല'- ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പരിപാടിയിൽ കോച്ച് മനസ്സു തുറന്നു.
കിബു വിക്കുനയ്ക്ക് പകരമായാണ് വുകുമനോവിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകക്കുപ്പായം അണിയുന്നത്. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തു ഫിനിഷ് ചെയ്ത ടീമിനെയാണ് തന്ത്രങ്ങളോതി കോച്ച് ടൂർണമെന്റിലെ ഏറ്റവും മികച്ച യൂണിറ്റാക്കി മാറ്റിയത്. വലിയ പ്രതീക്ഷകളൊന്നും വേണ്ടെന്നും പ്ലേ ഓഫിലെത്താനാണ് ശ്രമമെന്നുമാണ് തുടക്കത്തിൽ വുകുമനോവിച്ച് പറഞ്ഞിരുന്നത്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകാതിരുന്ന കോച്ച് പക്ഷേ, കളത്തിൽ മറ്റൊരു ആശാനായിരുന്നു.
ആദ്യ മത്സരത്തിൽ മോഹൻ ബഗാനെതിരെ തോറ്റ ശേഷം തുടര്‍ച്ചയായ പത്തു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയം അറിഞ്ഞിട്ടില്ല. ടൂർണമെന്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും കൂടുതൽ മത്സരങ്ങളിൽ ടീം അൺബീറ്റണായി നിൽക്കുന്നത്. ഓരോ കളി കഴിയുന്തോറും ടീം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നു. അൽവാരോ വാസ്‌ക്വസ്, പേരേര ഡയസ്, അഡ്രിയാൻ ലൂന, സഹൽ അബ്ദുൽ സമദ് എന്നിവർ അടങ്ങുന്ന മുന്നേറ്റ നിര ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ചതാണ്. മധ്യനിരയിൽ ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ പട നയിക്കുന്ന പ്യൂട്ടിയയും ജീക്‌സൺ സിങ്ങും. പ്രതിരോധത്തിൽ വിദേശ താരം ലെസ്‌കോവിച്ചിനും സിപോവിച്ചിനും ഒപ്പം ഹർമൻജോത് ഖബ്രയും നിഷുകുമാറും യുവതാരം ഹോർമിപാമും. ഏറ്റവും കുറവ് വഴങ്ങിയ ടീം കൂടിയാണ് ബ്ലാസ്റ്റേഴ്സ്. കീപ്പര്‍ ഗില്ലും ഉജ്ജ്വല ഫോമിലാണ്.
മിഡ്ഫീൽഡർ സഹലിനെ ഫൈനൽ തേഡിൽ അപകടകാരിയാക്കി ഗോൾ മെഷീനാക്കി മാറ്റിയതും ജീക്‌സണെയും പ്യൂട്ടിയയെയും മികച്ച മിഡ്ഫീൽഡർമാരാക്കി മാറ്റിയതും വുകുമനോവിച്ചാണ്. പല പരിശീലകർക്കൊപ്പം കളിച്ചിട്ടുള്ള ഇവരുടെ മാറ്റ് കണ്ടെത്തി എന്നതാണ് ഇവാനെ വ്യത്യസ്തമാക്കുന്നത്.
വുകോമാനോവിച്ചിന്റെ കരിയർ
43കാരനായ ഇവാൻ കോച്ചിങ് കരിയർ ആരംഭിക്കുന്നത് ബൽജിയൻ പ്രോ ലീഗ് ക്ലബ് സ്റ്റാൻഡേഡ് ലിഗെയ്ക്കൊപ്പമാണ്. അസിസ്റ്റന്റ് കോച്ചായി ആയിരുന്നു തുടക്കം. ഇക്കാലയളവിൽ യൂറോപ്പ ലീഗ് കളിച്ചിട്ടുണ്ട് ലിഗെ. 2014 ഒക്ടോബറിൽ ഹെഡ് കോച്ചായി. 2015 ഫെബ്രുവരി വരെ 19 മത്സരങ്ങളിൽ ക്ലബിനെ പരിശീലിപ്പിച്ചു.
ഈ സമയത്ത് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ സെവിയ്യയ്ക്കെതിരെ ടീം ഗോൾ രഹിത സമനില നേടിയിരുന്നു. ഹെഡ് കോച്ചായ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.
2016ൽ സ്ലോവാക് സൂപ്പർ ലീഗാ ക്ലബ് ആയ സ്ലോവാൻ ബ്രാറ്റിസ്ലാവയുടെ കോച്ചായി ചുമതലയേറ്റു. 2016-17 സീസണിൽ 34 കളികളിൽ നിന്ന് വെറും എട്ടു കളികൾ മാത്രമാണ് ടീം തോറ്റത്. ലീഗിൽ ക്ലബ് രണ്ടാമതെത്തുകയും ചെയ്തു. തോൽവിയേറ്റു വാങ്ങാതെ ക്ലബിനെ സ്ലോവാക് കപ്പ് ജേതാക്കളാക്കുകയും ചെയ്തു. അടുത്ത സീസണിൽ 22 കളികളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ടീം തോറ്റത്. 2017ൽ എഫ്സി സെനിക്കയുമായുള്ള മത്സരത്തിന് പിന്നാലെ ക്ലബുമായി വഴിപിരിഞ്ഞു.
രണ്ടു വർഷത്തിന് ശേഷം സൈപ്രസ് ടോപ് ഡിവിഷൻ ക്ലബായ അപ്പോളൻ ലിമാസ്സലിന്റെ കോച്ചായി. നാലു മത്സരങ്ങളിൽ മാത്രമേ ക്ലബിനെ പരിശീലിപ്പിച്ചുള്ളൂ. ആ ടീമിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം ഫാക്കുണ്ടോ പെരേരയും ഉണ്ടായിരുന്നു. 2019 ഒക്ടോബർ മുതൽ ഇവാൻ ഒരു ക്ലബിനെയും പരിശീലിപ്പിച്ചിരുന്നില്ല.
കളിക്കാരൻ എന്ന നിലയിൽ 250ലേറെ മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട് ഈ സെർബിയക്കാരൻ. സ്ലോബോദാ ക്ലബിലൂടെയായിരുന്നു അരങ്ങേറ്റം. ഫ്രഞ്ച് ലീഗിലെ ബോർഡക്സ്, ബുണ്ടസ് ലീഗയിലെ എഫ്സി കൊലോൺ, ബൽഗ്രേഡിലെ റെഡ് സ്റ്റാർ, റഷ്യയിലെ ഡൈനാമോ സ്പാർടക് തുടങ്ങി വിവിധ ക്ലബുകൾക്കായി കളിച്ച അനുഭവ സമ്പത്തുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർബാക്കായുമാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്.