ഒന്നല്ല, നൂറു ക്ഷേത്രങ്ങള്‍ പണിതാലും അന്ത്യനാൾ വരെ അതു ബാബരിയുടെ ഭൂമിയായി തുടരും-അർഷദ് മദനി
|''മസ്ജിദ് നിലനിൽക്കുന്നത് സ്വന്തം ഭൂമിയിലാണെന്ന് ഇന്ത്യയിലെ പരമോന്നത കോടതി വ്യക്തമാക്കിയതാണ്. ഒരാളല്ല, മൂന്നു ജഡ്ജിമാരാണ് അതു പറഞ്ഞത്. ഏതെങ്കിലും ക്ഷേത്രം തകർത്ത് നിർമിച്ചതല്ലെന്നും അവർ പ്രസ്താവിച്ചിട്ടുണ്ട്.''
ന്യൂഡൽഹി: ബാബരി മസ്ജിദ് പള്ളിയുടെ ഭൂമിയിൽ തന്നെയാണ്, രാമജന്മഭൂമിയിലോ ക്ഷേത്രത്തിന്റെ സ്ഥാനത്തോ അല്ല സ്ഥിതിചെയ്യുന്നതെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയതാണെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാനാ അർഷദ് മദനി. അവിടെ എത്ര ക്ഷേത്രങ്ങള്‍ പണിതാലും അന്ത്യനാൾവരെ അതു ബാബരിയുടെ ഭൂമിയായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുമത വിശ്വാസപ്രകാരം ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അർഹനല്ലെന്നും മദനി പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അർഷദ് മദനി നിലപാട് വ്യക്തമാക്കിയത്. ''രാമക്ഷേത്രത്തിന്റെ ഉദ്ഘാടനമോ അതിനെ അവർ രാഷ്ട്രീയവത്കരിക്കുന്നതോ ഒന്നും ഞങ്ങളുടെ വിഷയമല്ല. അതൊന്നും ഞങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല. ഇതു മസ്ജിദിന്റെ ഭൂമിയല്ലേ, അവിടെ രാമജന്മഭൂമിയാണോ, ക്ഷേത്രം തകർത്ത് ബാബർ പള്ളി നിർമിക്കുകയായിരുന്നോ എന്നെല്ലാമുള്ള വിഷയങ്ങളിലായിരുന്നു ഏഴു പതിറ്റാണ്ടുനീണ്ട ഞങ്ങളുടെ നിയമപോരാട്ടം. പള്ളിയുടേതല്ലാത്ത ഭൂമിയിൽ, ഏതെങ്കിലും ക്ഷേത്രം തകർത്ത് നിർമിക്കുന്ന പള്ളിയെ നമ്മൾ അംഗീകരിക്കില്ല.''-അദ്ദേഹം പറഞ്ഞു.
''അതു പള്ളിയുടെ സ്ഥലമാണെന്നും പള്ളി തന്നെയാണെന്നും പള്ളി നിർമിക്കുംമുൻപ് ആ സ്ഥലം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. മസ്ജിദ് നിലനിൽക്കുന്നത് സ്വന്തം ഭൂമിയിലാണെന്ന് ഇന്ത്യയിലെ പരമോന്നത കോടതി വ്യക്തമാക്കിയതാണ്. ഒരാളല്ല, മൂന്നു ജഡ്ജിമാരാണ് അതു പറഞ്ഞത്. ഏതെങ്കിലും ക്ഷേത്രം തകർത്ത് നിർമിച്ചതല്ലെന്നും അവർ പ്രസ്താവിച്ചിട്ടുണ്ട്. അതു സന്തോഷകരമായ കാര്യമാണ്. ആ വിധിയെയാണ് ഞങ്ങൾ അംഗീകരിച്ചത്.
അതു പള്ളിയാണെങ്കിൽ അതിന്റെ ആളുകൾക്കു വിട്ടുകിട്ടേണ്ടതാണ്. ഇപ്പോൾ ക്ഷേത്രം നിർമിക്കുന്നത് പള്ളിയുടെ സ്ഥലത്താണ്. അതു രാമജന്മഭൂമിയല്ല. ഇതു ഞാൻ പറഞ്ഞതല്ല. ഇന്ത്യയുടെ സുപ്രിംകോടതിയും മൂന്നു ജഡ്ജിമാരും വ്യക്തമാക്കിയതാണ്.
ഇത് പള്ളിയാണെന്നും പള്ളിയുടെ ഭൂമിയാണെന്നും സുപ്രിംകോടതി പറയുന്നു. അവിടെ രാമക്ഷേത്രമുണ്ടായിരുന്നില്ലെന്നും രാമജന്മഭൂമിയല്ല അതെന്നുമെല്ലാം കോടതി പറഞ്ഞതാണ്. അതു രാമജന്മഭൂമിയാണെന്നു പറയുന്നവരെല്ലാം സുപ്രിംകോടതി വിധിക്കെതിരെയാണു സംസാരിക്കുന്നത്. ഇപ്പോൾ സുപ്രിംകോടതി പറയുന്നത് എന്താണെന്ന് അറിയില്ല.''
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചാൽ പോകുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: ''എനിക്കെന്തിനാണു ക്ഷണം വരുന്നതെന്ന് മനസിലാകുന്നില്ല. 70 വർഷത്തോളം ഈ നിയമപോരാട്ടം നടത്തിയത് ജംഇയ്യത്തുൽ ഉലമായാണ്. ആ പോരാട്ടം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അവിടെയിനി, ഒന്നല്ല, നൂറു ക്ഷേത്രങ്ങള്‍ പണിതാലും അന്ത്യനാൾവരെ അതു പള്ളിയുടെ ഭൂമിയായി തന്നെ നിലനില്‍ക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.''
ഹിന്ദു വിശ്വാസപ്രകാരം ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് ഉയർന്ന ജാതിക്കാരാണ്, ബ്രാഹ്മണന്മാരാണ്. ബ്രാഹ്മണനല്ലാത്ത മോദി എങ്ങനെയാണ് അത് ഉദ്ഘാടനം ചെയ്യുന്നതെന്നും അർഷദ് മദനി ചോദിച്ചു.
Summary: ''Even if you build not one, but a hundred temples there, it will remain as the land of the Babri masjid till the doomsday'': Says Jamiat Ulama-e-Hind president Maulana Arshad Madani in Ram Mandir consecration function