ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു; ആമസോണിന് ഇനി പുതിയ മേധാവി
|വെബ് സർവീസ് തലവൻ ആൻഡി ജാസ്സിയായിരിക്കും പുതിയ സിഇഒ
കാലിഫോർണിയ: ആമസോൺ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സ്ഥാനത്തു നിന്ന് ജെഫ് ബെസോസ് ഈ വർഷം പടിയിറങ്ങും. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം മുതൽ ബെസോസ് ആമസോൺ ബോർഡിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിലേക്ക് മാറും. വെബ് സർവീസ് തലവൻ ആൻഡി ജാസ്സിയായിരിക്കും പുതിയ സിഇഒ.
27 വർഷം മുൻപാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. തുടർച്ചയായി മൂന്ന് പാദങ്ങളിൽ ലാഭം കൈവരിക്കുകയും വിൽപനയിൽ റെക്കോർഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിന്റെ അപ്രതീക്ഷിത തീരുമാനം.
ആമസോണിന്റെ ലാഭം 7.2 ബില്യൺ ഡോളറാക്കി ഉയർത്തിയ ശേഷമാണ് ബെസോസിന്റെ പടിയിറക്കം. കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു ട്രില്യൺ ഡോളർ വിപണിമൂല്യമുള്ള കമ്പനിയാക്കി ആമസോണിനെ മാറ്റുകയും ചെയ്തു.
1994ലാണ് അമ്പത്തിയേഴുകാരനായ ബെസോസ് ആമസോൺ സ്ഥാപിക്കുന്നത്. നിലവിൽ 1.6 ട്രില്യൺ യുഎസ് ഡോളറിന്റെ ആസ്തി മൂല്യമുള്ള കമ്പനിയാണ് ലോകത്തുടനീളം സാന്നിധ്യമുള്ള ആമസോൺ.
തൊഴിലാളികൾക്കുള്ള കത്തിൽ ബെസോസ് തന്നെയാണ് ആൻഡി ജാസ്സി പുതിയ സിഇഒ ആയി വരുന്ന കാര്യം അറിയിച്ചത്. അസാധാരണ മികവുള്ള നേതാവാണ് ജാസ്സിയെന്നും അദ്ദേഹത്തിൽ സമ്പൂർണ വിശ്വാസമുണ്ട് എന്നും കത്തിൽ ബെസോസ് വ്യക്തമാക്കി. 1997ലാണ് ജാസ്സി ആമസോണിൽ ചേർന്നത്.
ആമസോൺ വെബ് സർവീസിന്റെ (എ.ഡബ്ല്യൂ.എസ്) മേധാവിയാണ് നിലവിൽ ഇദ്ദേഹം. ഇദ്ദേഹത്തിന് കീഴിൽ എ.ഡബ്ല്യൂ.എസ് 28 ശതമാനം വരുമാന വർധനയാണ് കൈവരിച്ചിരുന്നത്.