പ്രളയമുണ്ടായത് ബീഫ് കഴിച്ചതുകൊണ്ട്, ബീഫ് കഴിക്കാത്ത ദുരിതബാധിതരെ മാത്രം സഹായിക്കുക: ഹിന്ദു മഹാസഭ
|ഞാനും കേരളത്തെ സഹായിക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്നവരെ മാത്രമേ സഹായിക്കാവൂ.
കേരളം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോള്‍ വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭ. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി. ഭൂമിയോട്
പാപം ചെയ്തവർക്ക് പ്രകൃതി നൽകിയ ശിക്ഷയാണ് പ്രളയമെന്നും ചക്രപാണി പറഞ്ഞു.
''ഞാനും കേരളത്തെ സഹായിക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്ന വരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങൾക്ക് കഴിക്കാൻ മറ്റ്
ഭക്ഷണപദാർഥങ്ങൾ ഉണ്ടായിരിക്കുമ്പോൾ, അവർ പശുവിനെ കൊല്ലുകയും അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രളയബാധിതരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതിയെന്നും ചക്രപാണി പറഞ്ഞു. മനപൂർവം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചവരോടും റോഡിൽ പശുവിനെ അറുത്തവരോടും ക്ഷമിക്കരുത്. ഗോഹത്യ നടത്തിയ ചിലര്‍ മൂലം നിഷ്കളങ്കരായവരും അപകടത്തിൽപെട്ടു.'' - ചക്രപാണി പറഞ്ഞു.
നിരവധി പേര് മരിക്കുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്ത പ്രളയക്കെടുതിയില്‍ നിന്ന് കേരളം ഒറ്റക്കെട്ടായി കരകയറാന്‍ ശ്രമിക്കുമ്പോഴാണ് ചക്രപാണിയെ പോലെയുള്ളവര്‍ വര്‍ഗീയതയും മതവികാരവും മുതലെടുത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ വ്യാപകമാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ മുതിര്‍ന്നതും ഗോഹത്യയുമൊക്കെ വിഷയമാക്കിയാണ് ഈ വിദ്വേഷ പ്രചരണങ്ങളൊക്കെയും.