Kerala
പ്രളയം, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി
Kerala

പ്രളയം, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി

Web Desk
|
22 Aug 2018 2:43 PM GMT

ബി.ജെ.പി നേതാക്കളും ഇതേ ആരോപണങ്ങള്‍ ഉന്നയിക്കുണ്ടെന്നും, രണ്ട് കൂട്ടര്‍ക്ക് വേറെ വേറെ മറുപടി പറയുന്നില്ലെന്നും, ഇരുകൂട്ടര്‍ക്കുമുള്ള മറുപടിയായി ഇതിനെ കാണണമെന്നും മുഖ്യമന്ത്രി

കേരളത്തിലെ പ്രളയം ഭരണകൂടസൃഷ്ടിയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് കണക്കു നിരത്തി പിണറായി വിജയന്റെ മറുപടി. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിശദമാക്കിക്കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനമാണ് പ്രതിപക്ഷ നേതാവിന് മറുപടി നല്‍കാന്‍ കൂടിയുള്ള വേദിയായി മുഖ്യമന്ത്രി മാറ്റിയത്. ഓരോ ആരാപണങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

പെട്ടന്നുണ്ടായ മഴ കാരണമാണ് ഡാമുകള്‍ നിറയുന്ന സാഹചര്യം ഉണ്ടായത്. രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയ എല്ലാ പ്രദേശങ്ങളിലും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ആളുകളെ തീരങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച എല്ലാ അലര്‍ട്ടുകളും സര്‍ക്കാര്‍ കൃത്യമായി പുറപ്പെടുവിച്ചത് സര്‍ക്കാരിന് ഇതിനേക്കുറിച്ച് ധാരണ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഡാം തുറക്കുന്നതിനെ സംബന്ധിച്ച് രമേശ് ചെന്നിത്തല തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നുവെന്നും, ആരോപണങ്ങള്‍ക്കുവേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1924ലെ വെള്ളപ്പൊക്കത്തേക്കാള്‍ കുറവ് മഴയാണ് ഇത്തവണ കേരളത്തില്‍ ലഭിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയും വസ്തുതകള്‍ നിരത്തി പിണറായി നേരിട്ടു. ഒരു വര്‍ഷത്തെ മഴയുടെ കണക്ക് ഒരു സീസണിലെ കണക്കുവെച്ച് താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 154% മഴയാണ്. ഡാമുകള്‍ തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഡാമുകള്‍ ഇല്ലാത്ത നദികളില്‍ പോലും വെള്ളപ്പൊക്കത്തിന് ഇത് വഴിവെച്ചു.

ജലവിഭവ മന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നത പ്രതിപക്ഷ നേതാവിന്റെ ഭാവന മാത്രമാണ്. ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്തിയില്ല എന്ന രമേശ് ചെന്നിത്തലയുടെ ആരോപണവും മുഖ്യമന്ത്രി തള്ളി. ഇടമലയാറില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് തുറക്കേണ്ടി വന്നതിനാലാണ് ട്രയല്‍ റണ്‍ നടത്താന്‍ സാധിക്കാഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി നേതാക്കളും ഇതേ ആരോപണങ്ങള്‍ ഉന്നയിക്കുണ്ടെന്നും, രണ്ട് കൂട്ടര്‍ക്ക് വേറെ വേറെ മറുപടി പറയുന്നില്ലെന്നും, ഇരുകൂട്ടര്‍ക്കുമുള്ള മറുപടിയായി ഇതിനെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts