Kerala
ദുരിതാശ്വാസ നിധി: വ്യാജ ബക്കറ്റ് പിരിവ് നടത്തിയതിന് കണ്ണൂരില്‍ മൂന്നു പേര്‍ പിടിയിലായത് ഇങ്ങനെ... 
Kerala

ദുരിതാശ്വാസ നിധി: വ്യാജ ബക്കറ്റ് പിരിവ് നടത്തിയതിന് കണ്ണൂരില്‍ മൂന്നു പേര്‍ പിടിയിലായത് ഇങ്ങനെ... 

Web Desk
|
23 Aug 2018 1:31 PM GMT

കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെയാണ് ദുരിതാശ്വാസ നിധിയുടെ മറവില്‍ ബക്കറ്റ് പിരിവെന്ന ആശയം ഇവരുടെ മനസില്‍ ഉദിച്ചത്. പിന്നെ താമസിച്ചില്ല, 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ വ്യാജ ബക്കറ്റ് പിരിവ് നടത്തിയ മൂന്ന് പേരെ കണ്ണൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ സ്വദേശി ഋഷഭ്, അലവില്‍ സ്വദേശി സഫ്വാന്‍, കൊറ്റാളി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രളയം തകര്‍ത്ത. കേരളത്തെ കരകയറ്റാന്‍ നാട് മുഴുവന്‍ കൈകോര്‍ക്കുമ്പോള്‍ പക്ഷെ, വ്യാജന്മാരും സജീവമാണ്. കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെയാണ് ദുരിതാശ്വാസ നിധിയുടെ മറവില്‍ ബക്കറ്റ് പിരിവെന്ന ആശയം ഇവരുടെ മനസില്‍ ഉദിച്ചത്. പിന്നെ താമസിച്ചില്ല, ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന് പേപ്പറില്‍ എഴുതി ഒട്ടിച്ച ബക്കറ്റുകളുമായി മൂവര്‍ സംഘം പിരിവിനിറങ്ങി. ഒരു മണിക്കൂറിനകം ബക്കറ്റില്‍ വീണത് 3540 രൂപ. പക്ഷെ, ബക്കറ്റിനു പുറത്ത് ദുരിതാശ്വാസം എന്നെഴുതിയതിലെ അക്ഷരത്തെറ്റ് പണി കൊടുത്തു. ഇത് ശ്രദ്ധയില്‍ പെട്ട ഒരാള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ടൌണ്‍ എസ്.ഐയുടെ നേതൃത്വത്തിലുളള പൊലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ സംഘത്തിലെ രണ്ട് പേര്‍ പിടിച്ചുപറിയടക്കം പത്തിലേറെ കേസുകളില്‍ പ്രതികള്‍. സര്‍ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ച കുറ്റം ചുമത്തിയാണ് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുളളത്. സമാന രീതിയില്‍ പലരും ഇത്തരം പിരിവ് നടത്തുന്നതായി രഹസ്യാന്വേക്ഷണ വിഭാഗം എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Similar Posts