പ്രളയാനന്തര ഇ-മാലിന്യ ഭീഷണി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
|ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള മെര്‍ക്കുറി, ലെഡ്, കാഡ്മിയം, ബെറിലിയം തുടങ്ങിയ പദാർത്ഥങ്ങൾ ആ ഉപകരണങ്ങള്‍ നശിപ്പിച്ചു കളഞ്ഞാലും അവശേഷിക്കുന്നവയാണ് .
ഇ-മാലിന്യം കൂട്ടിയിട്ടു കത്തിക്കുകയും ജലാശയങ്ങളില്‍ ഒഴുക്കുകയുമൊക്കെ ചെയ്താലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട് ( https://tinyurl.com/y9tcbcgz ). ഇതില്‍ 5-ാം ഇനമായി ജൈവ-അജൈവ മാലിന്യങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കാനും അത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറാനും പറയുന്നുണ്ട്.
ഉത്തരവിന്റെ 15-ാം ഇനമായി പ്ലാസ്റ്റിക്കുകള്‍, കുപ്പികള്‍, ഗ്ലാസ്, മെറ്റല്‍, റബ്ബര്‍, ലെതര്‍ തുടങ്ങിയവ പ്രത്യേകം ശേഖരിക്കേണ്ടതും തല്ക്കാലം സൂക്ഷിച്ചുവെച്ച് പിന്നീട് ക്ലീന്‍ കേരള കമ്പനിയുടെ പിന്തുണയോടെ കൈമാറണമെന്നും പറയുന്നുണ്ട്. ഇവയിൽ പെടുന്നതാണ് ഇ-മാലിന്യങ്ങൾ. 20ന് പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ (ഐ.ടി@സ്കൂള്‍) മേല്‍നോട്ടത്തില്‍ ഇ-മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് (https://tinyurl.com/yda4enoj ). ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് നടത്തിയ ഈ പ്രവര്‍ത്തനത്തിന് 911 കളക്ഷന്‍ കേന്ദ്രങ്ങളിലൂടെ 5.6 ലക്ഷം കിലോഗ്രാം ഇ-മാലിന്യം ഇതുവരെ നീക്കം ചെയ്തു കഴിഞ്ഞു. ഈ പ്രവര്‍ത്തനം തുടര്‍ന്നു വരികയാണ്. ഈ ഉത്തരവിന്റെ അനുബന്ധമായി സാധാരണ ഇ-മാലിന്യ വസ്തുക്കളുടെ പട്ടിക നൽകിയിട്ടുണ്ട്. ( ഇതുമായി ബന്ധപ്പെട്ടു 01.07.2017 ലെ ബഹു. മുഖ്യമന്ത്രിയുടെ പോസ്റ്റ് https://tinyurl.com/yaw57lhf )
ഏറ്റവും അടിയന്തരമായി ചെയ്യേണ്ട കാര്യം ഇ-മാലിന്യം പ്രത്യേകമായി ശേഖരിച്ചുവയ്ക്കുക എന്നതാണ്. വീടുകളില്‍നിന്നും മറ്റും ഇപ്രകാരം പ്രത്യേകം തരംതിരിച്ച് ശേഖരിക്കുന്ന ഇ-മാലിന്യങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന സംഭരണ കേന്ദ്രങ്ങളിലേക്കെത്തിക്കാം. ഇ-മാലിന്യത്തിന്റെ അളവനുസരിച്ച് പ്രത്യേക സംഭരണ കേന്ദ്രമായോ അല്ലെങ്കിൽ അജൈവമാലിന്യങ്ങൾ സംഭരിക്കുന്നിടത്ത് പ്രത്യേകം വേർതിരിച്ചോ സൂക്ഷിക്കാം. സ്കൂളുകളില്‍നിന്ന് ശേഖരിച്ച രൂപത്തില്‍ ക്ലീന്‍ കേരള കമ്പനിയ്ക്ക് സംഭരണ കേന്ദ്രങ്ങളില്‍നിന്നും ( ക്ലസ്റ്റർ അടിസ്ഥാനത്തിൽ) ശേഖരിക്കാവുന്നതാണ്. ഇ-മാലിന്യങ്ങള്‍ സംബന്ധിച്ച കണക്ക് ശേഖരിക്കുന്നതിനും ലോജിസ്റ്റിക് മാനേജ്മെന്റിനും കൈറ്റ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര് നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഈ സംവിധാനവും ആവശ്യമായ സാങ്കേതിക സഹായം കൈറ്റിന് ലഭ്യമാക്കാനാകും. ( സ്കൂളുകളിൽ സ്ഥലപരിമിതി ഉള്ളതിനാൽ അവയെ സംഭരണകേന്ദ്രങ്ങൾ ആക്കാൻ കഴിയില്ല ).
ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള മെര്‍ക്കുറി, ലെഡ്, കാഡ്മിയം, ബെറിലിയം തുടങ്ങിയ പദാർത്ഥങ്ങൾ ആ ഉപകരണങ്ങള്‍ നശിപ്പിച്ചു കളഞ്ഞാലും അവശേഷിക്കുന്നവയാണ് . ഇവ വളരെ ചെറിയ അളവില്‍പോലും വളരെ ദോഷകരമായി നമ്മുടെ ശരീരത്തെയും പരിസ്ഥിതിയെയും ബാധിക്കും എന്നോർക്കുക. ഇവയെ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന രീതിയാണ് ക്ലീന്‍ കേരള കമ്പനി അവലംബിക്കുന്നത്. അതിനാല്‍ ഇ-മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കാന്‍ എല്ലാ തലത്തിലും നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് നാം അടിയന്തരമായി ചെയ്യേണ്ടത്.