യുഎഇ സഹായം സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെങ്കില്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
|2016 ലെ ദേശീയ ദുരന്ത നിവാരണ നയം പ്രകാരം ഇങ്ങോട്ട് വാഗ്ദാനം ചെയ്യുന്ന സഹായങ്ങള്‍ സ്വീകരിക്കാമെന്നകാര്യവും മുഖ്യമന്ത്രി വ്യക്തമാക്കി...
യുഎഇയുടെ തടക്കം എല്ലാ ലോകരാജ്യങ്ങളില്‍ നിന്നുമുള്ള സഹായത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഎഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെങ്കില്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും പിണറായി പറഞ്ഞു.
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ യുഎഇ വാഗ്ദാനം ചെയ്ത 700 കോടിരൂപ ദുരന്തനിവാരണ നയം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ തടയുന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യുഎഇയുടെ സഹായ വാഗ്ദാനത്തെ പ്രധാനമന്ത്രിതന്നെ ട്വിറ്ററിലൂടെ നേരത്തെ സ്വാഗതം ചെയ്തത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016 ലെ ദേശീയ ദുരന്ത നിവാരണ നയം പ്രകാരം ഇങ്ങോട്ട് വാഗ്ദാനം ചെയ്യുന്ന സഹായങ്ങള്‍ സ്വീകരിക്കാമെന്നകാര്യവും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇംഗ്ളണ്ടിനെതിരായ വിജയം കേരളത്തിന് സമ്മാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. സംസ്ഥാനം പുനര്നിര്മിക്കേണ്ടതുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈക്കിളിനായി വച്ച പണവും സ്വന്തം ഭൂമിയുമൊക്കെ ദുരിതാശ്വാസത്തിന് സംഭാവന ചെയ്യുന്ന പുതിയ തലമുറ ലോകത്തിന് തന്നെ മാതൃകയാണെന്നും പറഞ്ഞു.
ഈ മാസം 26 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സേനാ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ യാത്രയപ്പ് നല്‍കും.