പ്രളയം: കേരളവും കേന്ദ്രവും ചേർന്ന് വിളിച്ചുവരുത്തിയ ദുരന്തമോ? ഈ കണക്കുകള്‍ കൂടി നോക്കണം...
|രക്ഷാപ്രവർത്തനത്തിലേക്കും പുനരധിവാസത്തിലേക്കും സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ ഈ സമയത്ത് കേരളത്തെ ഈ ദുരിതത്തിൽ കൊണ്ടെത്തിച്ച അബദ്ധങ്ങൾ എത്രയുണ്ടെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ആധുനിക കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിൽ നിന്ന് കേരളം പതുക്കെ കരകയറി വരുന്നേ ഉള്ളൂ. എന്നാൽ ഈ ദുരന്തം സത്യത്തിൽ പ്രകൃതി നൽകിയതാണോ? അതോ അണക്കെട്ടുകൾ സുരക്ഷിതമാക്കി വെക്കുന്നതിൽ വന്ന പിഴവുകളാണോ ഇതിന് പിന്നിൽ പ്രവർത്തിച്ചത്?
വെള്ളം അപകടകരമാം വിധം വർധിച്ചപ്പോൾ നിരവധി അണക്കെട്ടുകൾ ഒരുമിച്ച് തുറക്കുകയും അതുകാരണം വിചാരിച്ചതിലും വേഗത്തിൽ പല പ്രദേശങ്ങളിൽ വെള്ളം നിറയുകയും ചെയ്തു. ഇങ്ങനെ അവസാനനിമിഷം വരെ കാത്തുനിൽക്കുകയും ഒടുവിൽ എല്ലാ ഗേറ്റുകളും ഒരുമിച്ചു തുറക്കുകയും ചെയ്തതിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് ഇതിനോടകം തന്നെ ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്.
വെള്ളമിറങ്ങിയതോടു കൂടി രക്ഷാപ്രവർത്തനത്തിലേക്കും പുനരധിവാസത്തിലേക്കും സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ ഈ സമയത്ത് കേരളത്തെ ഈ ദുരിതത്തിൽ കൊണ്ടെത്തിച്ച അബദ്ധങ്ങൾ എത്രയുണ്ടെന്നും എപ്പോൾ തുടങ്ങിയതാണെന്നും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അണക്കെട്ടുകൾ സുരക്ഷിതമാക്കിവെക്കുന്നതിൽ കേരളം മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നതിനെ കുറിച്ച് ഏകദേശ ചിത്രം ലഭിക്കുന്ന ചില വിഷയങ്ങളാണിത്:
അണക്കെട്ട് സംരക്ഷണത്തിന് ചെലവാക്കിയ തുക
കംട്രോളർ ആൻറ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് പ്രകാരം പതിനൊന്നാം പ്ലാനിൽ അണക്കെട്ടുകളുടെ സുരക്ഷ, പ്ലാനിങ് എന്നിവ ഉറപ്പാക്കാൻ ഒരു കേന്ദ്ര പദ്ധതി രൂപീകരിക്കുകയും അതിനു വേണ്ടി 10 കോടി രൂപ മാറ്റിവെക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് ആറു കോടി രൂപയായി വെട്ടിക്കുറച്ചു. എന്നിട്ടും പതിനൊന്നാം പ്ലാൻ നടപ്പിലാക്കിയ കാലയളവിൽ 4.22 കോടി രൂപയാണ് ഈ പദ്ധതിയിൽ ചെലവാക്കപ്പെട്ടത്.
ഈ പദ്ധതി പിന്നീട് ഡാം റിഹാബിലിറ്റേഷൻ ആൻറ് ഇംപ്രൂവ്മെൻറ് പ്രൊജക്ട് (ഡി.ആർ.ഐ.പി) എന്ന മറ്റൊരു പദ്ധതിയുടെ ഭാഗമായി. കേന്ദ്ര ജല കമ്മീഷൻറെ (സി.ഡബ്ല്യൂ.സി) കീഴിൽ കേന്ദ്രത്തിൻറെ സഹായത്തോടെ സംസ്ഥാനങ്ങൾ നടപ്പാക്കേണ്ട പദ്ധതിയായിരുന്നു ഇത്. കേരളം, മധ്യ പ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലെ 223 അണക്കെട്ടുകളുടെ പുനരധിവാസവും ശാക്തീകരണവുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. സി.ഡബ്ല്യൂ.സിയുടെ ഭാഗമായ ഡാം സേഫ്‍റ്റി ഓർഗനൈസേഷനു കീഴിലെ ഡാം സേഫ്‍റ്റി റിഹാബിലിറ്റേഷൻ ഡയറക്ട്രേറ്റിനായിരുന്നു പദ്ധതി ഏകോപിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള ചുമതല.
എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിൽ കേരളം എത്രത്തോളം വിജയം കണ്ടു?
കേന്ദ്ര മന്ത്രാലയത്തിൻറെ നാഷനൽ കമ്മിറ്റി ഓൺ ഡാം സേഫ്റ്റി 2011 മാർച്ചിൽ തയ്യാറാക്കിയ ക്രൈസിസ് മാനേജ്മെൻറ് പ്ലാൻ ഫോർ ഡാം ഫെയിലേർസ് പ്രകാരം വലിയ അണക്കെട്ടുകൾ തകരാറിലാകുന്ന സാഹചര്യത്തിൽ അത്യാവശ്യമായി എടുക്കേണ്ട നടപടികളെക്കുറിച്ച് ഒരു ‘എമർജൻസി ആക്ഷൻ പ്ലാൻ’ തയ്യാറാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു എന്നും സി.എ.ജി റിപ്പോർട്ട് പറയുന്നുണ്ട്. 2006 മെയിൽ തന്നെ സി.ഡബ്ല്യൂ.സി എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കേണ്ടതിനുള്ള മാർഗരേഖ സംസ്ഥാന സർക്കാരുകൾക്ക് അയച്ചിരുന്നു എന്നതും ഞെട്ടിക്കുന്ന മറ്റൊരു വാസ്തവമാണ്.
2006 മുതൽ 2011 വരെ ഇക്കാര്യത്തിൽ ഒരു പുരോഗതിയും ഇല്ലാത്തതു കൊണ്ടാണ് 2011 മാർച്ചിൽ വീണ്ടും ഒരു രൂപരേഖ തയ്യാറാക്കേണ്ടി വന്നത് എന്നത് വ്യക്തം. കേരളത്തിലെ 61 അണക്കെട്ടുകളിൽ ഒന്നിനു പോലും എമർജൻസി ആക്ഷൻ പ്ലാനോ ‘ഓപറേഷൻ ആൻറ് മെയിൻറനൻസ് മാനുവലോ’ ഉണ്ടായിരുന്നില്ലെന്ന് സി.എ.ജി പ്രകടന പട്ടിക കാണിക്കുന്നുണ്ട്. അണക്കെട്ടുകൾ തകരാനുള്ള സാധ്യതകളെക്കുറിച്ച് 61 ഡാമുകളിലും പഠനം നടന്നിട്ടില്ലെന്ന് സി.എ.ജിയുടെ ഒരു ചോദ്യത്തിന് പ്രതികരണമായി കേരള സർക്കാർ സമ്മതിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രളയ സാധ്യതാ പ്രദേശങ്ങൾ
കേരളത്തിൻറെ മൊത്തം വിസ്താരമായ 38.90 ലക്ഷം ഹെക്ടറുകളിൽ 8.70 ലക്ഷം ഹെക്ടറുകൾ പ്രളയ സാധ്യതാ പ്രദേശങ്ങളാണെന്ന് രാഷ്ട്രീയ ബർഹ് ആയോഗ് തിട്ടപ്പെടുത്തിയിട്ടുണ്ട്. പ്രളയ സാധ്യതാ പ്രദേശങ്ങളുടെ അവലോകനം പ്രാദേശിക കമ്മിറ്റികൾ ഏറ്റെടുത്ത ആറ് സംസ്ഥാനങ്ങളിൽ ഒന്ന് കൂടിയാണ് കേരളം.
പ്രളയസാധ്യത പ്രവചിക്കാൻ സി.ഡബ്ല്യൂ.സി കേരളത്തിൽ ഒരു കേന്ദ്രം പോലും സ്ഥാപിച്ചിട്ടില്ല
അൻഡമാൻ ആൻറ് നിക്കോബാർ, ചണ്ഡീഗർ, ഡാമൻ ആൻറ് ഡിയു, ഗോവ, ഹിമാചൽ പ്രദേശ്, കേരളം, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻറ്, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സി.ഡബ്ല്യൂ.സി പ്രളയ സാധ്യത പ്രവചിക്കാൻ ഒറ്റൊരു കേന്ദ്രം പോലും സ്ഥാപിച്ചിട്ടില്ല എന്നും സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ ദുരന്തം മുൻകൂട്ടി കാണാൻ ഉത്തരവാദിത്വമുള്ള ഈ വകുപ്പുകൾ കടമ നിറവേറ്റുന്നതിന് പകരം സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
പ്രളയനിവാരണ പദ്ധതിയുടെ ഭാഗമായി കേരളത്തിന് കേന്ദ്രത്തിൽ നിന്ന് എത്ര സഹായം ലഭിച്ചു?
പതിനൊന്നാം ദേശീയ പ്ലാൻ പ്രകാരം കേരളത്തിന് 297.74 കോടി രൂപ ചെലവിൽ നാല് ‘ഫ്ലഡ് മാനേജ്മൻറ് പ്രോഗ്രാമുകളാ’ണ് (എഫ്.എം.പി) നിർണയിക്കപ്പെട്ടത്. ഇതിൽ 63.68 കോടി രൂപ പതിനൊന്നാം പ്ലാനിൻറെ സമയത്തും 55.22 കോടി രൂപ പന്ത്രണ്ടാം പ്ലാനിൻറെ സമയത്തും നൽകി. അതായത് നിശ്ചയിക്കപ്പെട്ട 297.74 കോടിക്ക് പകരം വെറും 118.90 കോടി മാത്രമാണ് കേരളത്തിന് ലഭിച്ചത്. മാത്രമല്ല, നാല് എഫ്.എം.പികളിലും പ്രത്യേകിച്ച് ഒരു പദ്ധതിക്കുള്ള രൂപരേഖകളൊന്നും കണ്ടില്ലെന്നും സി.എ.ജി ചൂണ്ടിക്കാണിക്കുന്നുണ്ട്.
“ജലസ്ത്രോതസ്സുകളുടെ പഠനവും കാലാവസ്ഥാ പഠനവും ചെന്നൈ ഐ.ഐ.ടിയും കോഴിക്കോട് സെൻറർ ഫോർ വാട്ടർ റിസോർസസ് ആൻറ് ഡിവലെപ്മൻറ് മാനേജ്മൻറും ചേർന്ന് സ്റ്റേഷനുകളുടെ പഠനവും ശാസ്ത്രീയ പഠന റിപ്പോർട്ടുകളും ഏകോപിപ്പിച്ച് നടത്തിയ സാങ്കേതിക പരിശോധനകളും ചേർന്നാണ് ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപോർട്ട് (ഡി.പി.ആർ) തയ്യാറാക്കിയത്,” എന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നുണ്ട്. രണ്ടാം എഫ്.എം.പിക്കു വേണ്ടി പീച്ചിയിലുള്ള കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മണ്ണ് പരിശോധന നടത്തിയെന്ന് സംസ്ഥാന ജലവിഭവ വകുപ്പും പറഞ്ഞിട്ടുണ്ട്.
എന്നാൽ ഡി.പി.ആർ തയ്യാറാക്കാൻ അവലംബിച്ച മാർഗങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏഴ് സംസ്ഥാനങ്ങളിലെ 77 എഫ്.എം.പികളുടെ ഗുണമേന്മ തീർച്ചപ്പെടുത്താൻ മതിയായ നടപടികൾ നിരീക്ഷണ വകുപ്പുകൾ എടുത്തില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ നാല് എഫ്.എം.പികളുടെ കാര്യത്തിലും ഇത് ശരിയാണ്. ഇപ്പോൾ കഴിഞ്ഞ പ്രളയത്തിൻറെ വെളിച്ചെത്തിലെങ്കിലും അണക്കെട്ടുകളുടെ പ്രകടനത്തെക്കുറിച്ച് സി.എ.ജി ഒരു പ്രത്യേക പഠനം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കടപ്പാട്: ഡൌൺ ടു എർത്ത്