Kerala
കേരളത്തിലേത് ഡാമുകളുണ്ടാക്കിയ ദുരന്തമെന്ന് മേധാ പട്കര്‍
Kerala

കേരളത്തിലേത് ഡാമുകളുണ്ടാക്കിയ ദുരന്തമെന്ന് മേധാ പട്കര്‍

Web Desk
|
23 Aug 2018 5:31 AM GMT

ആലപ്പുഴ അര്‍ത്തുങ്കലില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു മേധാ പട്കറിന്റെ പ്രതികരണം

കേരളത്തിലേത് ഡാമുകളുണ്ടാക്കിയ ദുരന്തമാണെന്ന് മേധാ പട്കര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിര്‍ത്തുന്നതിനായി ഇരുസംസ്ഥാനത്തിലെയും ജനങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്നും മേധാ പട്കര്‍ മീഡിയവണിനോട് പറഞ്ഞു. ആലപ്പുഴ അര്‍ത്തുങ്കലില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു മേധാ പട്കറിന്റെ പ്രതികരണം

ചോദ്യം : കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തമുണ്ടായ സ്ഥലങ്ങള്‍ കണ്ടപ്പോള്‍ എന്തു തോന്നി?

ഉത്തരം : ഇത് ശരിക്കും ഒരു ദേശീയ ദുരന്തം തന്നെയാണ്. വെള്ളപ്പൊക്കം ഡാമുകള്‍ ഉണ്ടാക്കിയതാണ്. ഡാമുകള്‍ വെള്ളപ്പൊക്കം തടയുന്നില്ല. അവ വെള്ളപ്പൊക്കമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് പലതവണ തെളിയിക്കപ്പെട്ടതാണ്. സാധനങ്ങള്‍ കിട്ടുന്നതിനു വേണ്ടി റോഡില്‍ കാത്തു നിന്ന് ട്രക്കുകള്‍ നിര്‍ത്തിക്കുന്നത് ഒരു ദിവസമായാലും ഒരാഴ്ചയായാലും കേരളത്തില്‍ ഇതിനു മുന്‍പ് ഒരിക്കലും കണ്ടിട്ടുള്ള ഒരു കാഴ്ചയല്ല. അവര്‍ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കുന്ന ജനതയാണ്.

മുല്ലപ്പെരിയാര്‍ പോലെയുള്ള ഡാമില്‍ ജലനിരപ്പ് 136 അടിയില്‍ നിര്‍ത്തണമെന്നത് കൃത്യമായ ആവശ്യമാണ്. അതില്‍ സര്‍ക്കാരുകള്‍ തമ്മിലല്ല, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ തമ്മിലാണ് ചര്‍ച്ച നടത്തേണ്ടത്.
മേധാ പട്കര്‍

ചോദ്യം : ദുരന്തത്തെ സംബന്ധിച്ച് അത് പൂര്‍ണമായും മനുഷ്യ നിര്‍മിത ദുരന്തമാണെന്നാണോ പറയുന്നത്?

ഉത്തരം : അതൊരു ഡാം നിര്‍മിത ദുരന്തമാണ്. ഡാമുകള്‍ ദുര്‍ബലമാവുകയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നദികളെ ശ്രദ്ധിച്ചതുമില്ല. പാരിസ്ഥിതിക പഠനങ്ങളില്ലാതെ ഡാമുകള്‍ കൊണ്ടു വന്നു. വലിയ സമരങ്ങളിലൂടെ നേടിയെടുത്ത സി ആര്‍ സെഡ്, ഫ്‌ലഡ് പ്ലെയിന്‍സ് തുടങ്ങിയ സങ്കല്‍പങ്ങളെല്ലാം ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ പോവുകയാണ്.

വീണ്ടും മുന്നോട്ടു വെക്കുന്ന വന്‍ പദ്ധതികള്‍ പശ്ചിമഘട്ടത്തെ മാത്രമല്ല, കേരളത്തെത്തന്നെ ഇല്ലാതാക്കും. അതുതന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചക്കെടുക്കുകയും വികസന പരിപാടി ആകെ പുനരാലോചനയ്ക്ക് വിധേയമാക്കുകയും വേണം. ബിനോയ് വിശ്വം മന്ത്രിയായിരുന്നപ്പോള്‍ ഇതിന് ശ്രമിച്ചിരുന്നു. സര്‍ക്കാരിലെ എല്ലാവരും അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ ഈ വെള്ളപ്പൊക്കം എല്ലാവരെയും ഒരു പാഠം പഠിപ്പിച്ചു.

ചോദ്യം : ഈ വഴിയിലൂടെ കേരളത്തിന്റെ നഷ്ടപ്പെട്ട പാരിസ്ഥിതിക സന്തുലനാവസ്ഥ തിരിച്ചു പിടിക്കാനാവുമോ?

ഉത്തരം : ആകെയുള്ള അസന്തുലിതാവസ്ഥ പെട്ടെന്ന് പരിഹരിക്കാനാവില്ല. പക്ഷേ ഇപ്പോഴും നദികള്‍ക്ക് ജീവനുണ്ട്. വലിയ രോഗങ്ങള്‍ ബാധിച്ച മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാറുണ്ടല്ലോ. അതുപോലെ ഇതും സാദ്ധ്യമാണ്. മുല്ലപ്പെരിയാര്‍ പോലെയുള്ള ഡാമില്‍ ജലനിരപ്പ് 136 അടിയില്‍ നിര്‍ത്തണമെന്നത് കൃത്യമായ ആവശ്യമാണ്. അതില്‍ സര്‍ക്കാരുകള്‍ തമ്മിലല്ല, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ തമ്മിലാണ് ചര്‍ച്ച നടത്തേണ്ടത്. ഇതാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ജലനിരപ്പ് താഴ്ത്തിയാല്‍ തമിഴ്‌നാടിന് വെള്ളം സൂക്ഷിക്കാന്‍ വികേന്ദ്രീകൃതമായ നിരവധി ബദല്‍ മാര്‍ഗങ്ങളുണ്ട്.

Related Tags :
Similar Posts