Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആഹ്വാനത്തിന് പിന്തുണയേറുന്നു 
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആഹ്വാനത്തിന് പിന്തുണയേറുന്നു 

Web Desk
|
28 Aug 2018 1:41 PM GMT

സോഷ്യല്‍ മീഡിയയും ധനസമാഹരണത്തിനായി കൈകോര്‍ക്കുകയാണ് 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ആഹ്വാനത്തിന് പിന്തുണയേറുന്നു. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെ നിരവധിയാളുകള്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കും. സോഷ്യല്‍ മീഡിയയും ധനസമാഹരണത്തിനായി കൈകോര്‍ക്കുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന കേരളം ഒന്നടങ്കമാണ് ഏറ്റെടുത്തത്.

ആഹ്വാനം വന്നതിന് പിന്നാലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒരു മാസത്തെ ശമ്പളം ചീഫ് സെക്രട്ടറിക്ക് നേരിട്ടെത്തി കൈമാറിയിരുന്നു. പിന്നാലെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ശമ്പളം നല്‍കുമെന്നറിയിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഫയര്‍ഫോഴ്സ് മേധാവി എ ഹേമചന്ദ്രന്‍, എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് തുടങ്ങിയവരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യും.

സംസ്ഥാനത്തെ എല്ലാ ഐ.പി.എസ് ഉദ്യോഗസ്ഥരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും ആഹ്വാനത്തിന് പിന്തുണയേകി. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസിലെ ജീവനക്കാര്‍ക്ക് പുറമെ, ആരോഗ്യം, വൈദ്യുതി, തൊഴില്‍,തദ്ദേശ ഭരണം, വിദ്യാഭ്യാസം, സഹകരണം, വകുപ്പു മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കും.

ഗവ. നഴ്സസ് അസോസിയേഷന്‍, കേരള മുനിസിപ്പല്‍ ആന്റ് സ്റ്റാഫ് യൂണിയന്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാര്‍ തുടങ്ങി നിരവധിയാളുകള്‍ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിയാളുകളും മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തി. സാമൂഹികമാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Related Tags :
Similar Posts