ഡാം തുറക്കുന്നതിലെ വീഴ്ച: മാധ്യമങ്ങള്‍ തന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിച്ചെന്ന് രാജു എബ്രഹാം
|ഡാം തുറക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് നിയമസഭയില്‍ റാന്നി എംഎല്‍എ രാജു എബ്രഹാം. എന്നാല്‍ ദുരന്തനിവാരണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് രാജു എബ്രഹാം തുറന്നുപറയുന്ന വീഡിയോ ദൃശ്യം മീഡിയവണിന്
ഡാം തുറക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയ റാന്നി എംഎല്‍എ രാജു എബ്രഹാം തന്റെ മുന്‍ നിലപാട് തിരുത്തി. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു രാജു എബ്രഹാമിന്റെ ആരോപണം. അതേസമയം ദുരന്ത നിവാരണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് രാജു എബ്രഹാം തുറന്നുപറയുന്ന വീഡിയോ ദൃശ്യം മീഡിയവണിന് ലഭിച്ചു.
പന്പയിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് രണ്ടാഴ്ച മുന്പ് രണ്ട് തവണ മൈക്ക് അനൌണ്‍സ്മെന്റ് ഉണ്ടായിരുന്നെന്നും എന്നാല്‍ ഡാം തുറന്നുവിട്ട 14 ന് രാത്രി ഇത്തരത്തില്‍ മുന്നറിയിപ്പ് ലഭിച്ചില്ലെന്നുമാണ് രാജു എബ്രാഹാം പറയുന്നത്. വെള്ളം കുത്തിയൊഴുകിയപ്പോള്‍ റാന്നിയില്‍ കനത്ത നാശനഷ്ടമുണ്ടായി. 15ന് തനിക്ക് മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ സാധിച്ചതിനാലാണ് രണ്ട് ഡാമുകളുടെ ഷട്ടര്‍ അടയ്ക്കാന്‍ സാധിച്ചതെന്നും അല്ലാത്തപക്ഷം ഏഴായിരത്തോളം പേര്‍ ഒഴുകിപ്പോകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നെന്നും രാജു എബ്രഹാം പറയുന്നുണ്ട്.
ഇടുക്കി ഡാമിന്റെ കാര്യത്തില്‍ ഉണ്ടായ ജാഗ്രത പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിക്ക് ഉണ്ടായില്ല. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും രാജു എബ്രഹാം പറയുന്നുണ്ട്. എന്നാല്‍ ഇതിന് വിപരീതമായ പ്രസ്താവനയാണ് രാജു എബ്രഹാം ഇന്നലെ നിയമസഭയില്‍ നടത്തിയത്. ഡാമുകള്‍ തുറന്നതില്‍ അപാകതയില്ലെന്നും മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയെന്ന് താന്‍ പറഞ്ഞ ഭാഗം മാധ്യമങ്ങള്‍ അടര്‍ത്തി മാറ്റിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.