ഇനിയും വെള്ളക്കെട്ടൊഴിയാതെ കുട്ടനാട്
|വെള്ളം വറ്റിക്കുന്നതിനായി വൻ ശേഷിയുള്ള മോട്ടോറുകള്‍ ഇന്ന് കൈനകരിയിലെത്തിക്കും. എ സി റോഡിലെ വെള്ളം വറ്റിക്കലും മന്ദഗതിയില്‍. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ന് കുട്ടനാട്ടില്‍ ശുചീകരണ യജ്ഞം.
കുട്ടനാട്ടില്‍ വെള്ളം വറ്റിക്കുന്നതിനായി വൻ ശേഷിയുള്ള ഡീസൽ മോട്ടോറുകള്‍ ഇന്ന് കൈനകരിയിൽ എത്തിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള കെപിസിസി നേതാക്കള്‍ ഇന്ന് കുട്ടനാട്ടില്‍ ശുചീകരണം നടത്തും. നവകേരള ലോട്ടറിയുടെ പ്രകാശനം ധനകാര്യ മന്ത്രി തോമസ് ഐസക് നിർവഹിക്കും.
കുട്ടനാട്ടില്‍ കൈനകരിയടക്കമുള്ള മേഖലകളിലെ വെള്ളം വറ്റിക്കാന്‍ അടിയന്തര നടപടിയുണ്ടാവുമെന്ന് മന്ത്രി സുനില്‍ കുമാര്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ അത് പ്രാവര്‍ത്തികമായിട്ടില്ല. എ സി റോഡിലെ വെള്ളം വറ്റിക്കലും മന്ദഗതിയിലാണ്. നൂറ്റിയെട്ട് കുതിരശക്തിയുള്ള പന്ത്രണ്ട് ഡീസൽ പമ്പുകളാണ് കൈനകരിയിലേക്ക് കൊണ്ടു പോകാനായി ആലപ്പുഴയിൽ എത്തിച്ചിട്ടുള്ളത്. ഈ പമ്പുകൾ ഉപയോഗിച്ച് വെള്ളം അടിച്ചുകളയുന്നതിലൂടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.
കൈനകരി, കാവാലം, നെടുമുടി, പുളിങ്കുന്ന്, നീലംപേരൂര്‍, തലവടി, വീയപുരം എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് കെ പി സി സിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ വിവിധ പഞ്ചായത്തുകളില്‍ നേതൃത്വം നല്‍കും. ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി നടത്തുന്ന നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം ധനകാര്യമന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍ നിര്‍വഹിക്കും.