തന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സഹോദരൻ; ഷാഫിയുടെ പുതിയ വീഡിയോ സന്ദേശം പുറത്ത്
|സ്വത്തിനു വേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് വീഡിയോയിൽ ആരോപിക്കുന്നു.
കോഴിക്കോട്: താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഷാഫിയുടെ പുതിയ വീഡിയോ സന്ദേശം പുറത്ത്. തന്റെ സഹോദരന് നൗഫലാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് ഷാഫി ആരോപിക്കുന്നു. തന്റെ സ്വത്ത് തട്ടിയെടുക്കാനാണ് ഇത് ചെയ്തതെന്നും ഷാഫി പറയുന്നു.
നൗഫലിനെ ശ്രദ്ധിക്കണമെന്ന് പിതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇതിൽ പറയുന്നുണ്ട്. ഇസ്ലാം മതവിശ്വാസ പ്രകാരം പെൺകുട്ടികളുള്ളവർ മരിച്ചാൽ സ്വത്ത് മുഴുവൻ സഹോദരന് ലഭിക്കുമെന്നും ഇതിനു വേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് പുറത്തുവന്ന വീഡിയോയിൽ ഷാഫി ആരോപിക്കുന്നത്.
'രണ്ട് പെൺകുട്ടികളാണ് എനിക്കുള്ളത്. എന്റെ പേരിലുള്ള സ്വത്ത് അടിച്ചുമാറ്റാനാണ് നൗഫൽ നോക്കുന്നത്. നൗഫലിനെ ശ്രദ്ധിക്കണമെന്ന് എന്റെ ഉപ്പ എന്നോട് പറഞ്ഞിരുന്നു. പെൺകുട്ടികളുള്ള ഉപ്പമാർ മരിച്ചുകഴിഞ്ഞാൽ അവരുടെ സ്വത്തുക്കൾ സഹോദരനാണ്. അതുകൊണ്ട് എന്നെ കൊന്നാലോ തട്ടിയാലോ ഈ മുതലൊക്കെ അവനാണ് കിട്ടുക. അത് മനസിലാക്കി നീ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് ഉപ്പ എന്നോട് പറഞ്ഞിരുന്നു'- എന്ന് ഷാഫി വീഡിയോയിൽ പറയുന്നു.
എന്നാൽ, അന്വേഷണം വഴിതിരിച്ചുവിടാനായി തട്ടിക്കൊണ്ടുപോയ സംഘം തന്നെയാണ് ഷാഫിയെക്കൊണ്ട് വീഡിയോ ചെയ്യിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. തട്ടിക്കൊണ്ടുപോയവരുടെ കസ്റ്റഡിയിലാണ് ഇപ്പോൾ നൗഫലുള്ളതെന്നും അവരുടെ നിർദേശ പ്രകാരം ഓരോന്ന് പറയുകയാണെന്നും പൊലീസ് പറയുന്നു. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെയും ഷാഫിയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു.
താൻ വിദേശത്തു നിന്നും 80 കോടിയോളം രൂപ വിലമതിക്കുന്ന 325 കിലോ സ്വർണം കടത്തിയിരുന്നെന്നും അത് തട്ടിയെടുക്കാൻ വേണ്ടിയാണ് തന്നെ തട്ടിക്കൊണ്ടുവന്നതെന്നും ഉടൻ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. ബന്ധുക്കൾക്കുള്ള മുന്നറിയിപ്പെന്ന തരത്തിലായിരുന്നു ഇന്നലത്തെ വീഡിയോ. ഇന്നതിൽ നിന്ന് വ്യത്യസ്തമായുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
സ്വർണ ഇടപാടിൽ സഹോദരനും പങ്കുണ്ടെന്ന് പൊലീസ് കരുതുന്നു. എന്നാൽ സഹോദരനാണ് തട്ടിക്കൊണ്ടുപോയതെന്ന വാദം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്നലെ ഷർട്ടിട്ടായിരുന്നു വീഡിയോ എങ്കിൽ ഇന്ന് അതില്ല. കുറച്ചുകൂടി കരയുന്ന നിലയിലാണ് ഇന്നത്തെ വീഡിയോ. ഇതോടെ, കസ്റ്റഡിയിൽ മർദനമേറ്റിട്ടുണ്ടോ എന്നുള്ള സംശയവും പൊലീസിനുണ്ട്.
എന്നാൽ രണ്ടാമത്തെ വീഡിയോ പുറത്തുവന്നിട്ടും ഷാഫി എവിടെയാണെന്നതിനെ കുറിച്ച് പൊലീസിനൊരു വിവരവും ലഭിച്ചിട്ടില്ല. കർണാടകയിലെ ഒരിടത്താണ് ഷാഫിയെ പാർപ്പിച്ചിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ വയനാട് മാനന്താവാടിയിൽ നിന്നും മൂന്നു പേരെ കാസർകോട് മഞ്ചേശ്വരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
മാനന്തവാടിയിൽനിന്ന് കസ്റ്റഡിയിലെടുത്തയാളെ താമരശേരി ഡിവൈ.എസ്.പി ഓഫീസിൽ ചോദ്യംചെയ്യുകയാണ്. കാസർകോട്ടു നിന്ന് കസ്റ്റഡിയിലെടുത്തവരെ രാത്രിയോടെ താമരശേരിയിലെത്തിക്കും. കഴിഞ്ഞ വെള്ളിയാഴ്ച താമരശേരി പരപ്പൻപൊയിലിലെ വീട്ടിൽ നിന്നാണ് ഷാഫിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഈ കാർ കാസർഗോഡ് നിന്ന് കണ്ടെത്തുകയും പിന്നീട് ഇത് വാടകയ്ക്ക് നൽകിയ ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.