Kerala
കാക്കനാട് ഫ്ലാറ്റ് കൊലപാതകം; കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമെന്ന് പൊലീസ്
Kerala

കാക്കനാട് ഫ്ലാറ്റ് കൊലപാതകം; കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമെന്ന് പൊലീസ്

Web Desk
|
18 Aug 2022 6:15 AM GMT

ഇതിനിടെ പ്രതി അർഷാദ് കഞ്ചാവ് കേസിൽ അറസ്റ്റിലായതിനാൽ കൊലപാതക കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.

കൊച്ചി: കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ്. മുഖ്യപ്രതി അർഷാദിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

കൊല്ലപ്പെട്ട സജീവും പ്രതി അർഷാദും തമ്മിൽ ലഹരി ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും അർഷാദിന് അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടായിരുന്നതായും അദ്ദേഹം അറിയിച്ചു. ഇതിനിടെ പ്രതി അർഷാദ് കഞ്ചാവ് കേസിൽ അറസ്റ്റിലായിരുന്നു. അതിനാൽ കൊലപാതക കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.

മഞ്ചേശ്വരം പൊലീസാണ് ഇയാളെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യവുമുണ്ടായി.

ഈ കേസിൽ പ്രതിയെ ഇന്നാണ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുക. ഇതോടെയാണ് കൊലക്കേസ് അന്വേഷിക്കുന്ന കൊച്ചി പൊലീസിന് പ്രതിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ കഴിയാതെ വന്നത്.

ഇന്ന് റിമാന്റ് ചെയ്യപ്പെടുന്ന പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കൊച്ചിയിലെ കോടതി വഴി നീക്കം നടത്താനാണ് പൊലീസ് തീരുമാനം. കസ്റ്റഡിയിൽ കിട്ടിയാലുടൻ ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് കടക്കും. വൈകാതെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കാനാകും എന്നാണ് പൊലീസ് കരുതുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയുടെ കൊലപാതകം പുറത്തറിയുന്നത്. കൊല ചെയ്ത ശേഷം മുങ്ങിയ പ്രതി അർഷാദിനെ ഇന്നലെയാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുന്നത്. ലഹരിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കോഴിക്കോട് പയ്യോളി സ്വദേശിയായ അർഷാദ് കൊല്ലപ്പെട്ട സജീവ് കൃഷ്ണക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സജീവിന്റെ തലയ്ക്കും കഴുത്തിലും നെഞ്ചിലുമുൾപെടെ ഇരുപതിലേറെ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Similar Posts