'എല്ലാ പ്രശ്നവും തീർന്നു..''; മാണി സി കാപ്പനും വി.ഡി സതീശനും ഒരേ വേദിയിൽ
|വേദിയിലെത്തിയ വി.ഡി സതീശനെ മാലയിട്ട് സ്വീകരിച്ച മാണി സി കാപ്പൻ പ്രശ്‌നങ്ങൾ എല്ലാം തീർന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു
കോട്ടയം: യു.ഡി.എഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് പരാതിപ്പെട്ട മാണി സി. കാപ്പൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കമുള്ളവർ പങ്കെടുത്ത വേദിയിലെത്തി. യുഡിഎഫ് കോട്ടയത്ത് നടത്തുന്ന കെ റെയിൽ പ്രതിഷേധ സദസിലാണ് മാണി സി കാപ്പൻ എത്തിയത്. വേദിയിലെത്തിയ വി.ഡി സതീശനെ മാലയിട്ട് സ്വീകരിച്ച മാണി സി കാപ്പൻ പ്രശ്‌നങ്ങൾ എല്ലാം തീർന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് പരിപാടികൾ പലതും തന്നെ അറിയിക്കുന്നില്ലെന്നും മുട്ടിൽ മരംമുറി, മാടപ്പള്ളി എന്നിവിടങ്ങളിൽ പോയ യു.ഡി.എഫ് സംഘത്തിലേക്ക് തന്നെ വിളിച്ചില്ലെന്നും പ്രതിപക്ഷ നേതാവിന് ഫോണിൽ വിളിച്ച് വിവരം പറയാമായിരുന്നുവെന്നും കാപ്പൻ മുമ്പ് പരാതി പറഞ്ഞിരുന്നു. മുന്നണിയുമായി പ്രശ്‌നങ്ങളില്ല, എന്നാൽ ഒരു നേതാവിന് മാത്രമാണ് പ്രശ്‌നമെന്നും അത് വ്യക്തിപരമാണെന്നും മാണി സി.കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ രേഖാമൂലം പരാതിയറിയിച്ചെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. സുധാകരൻ നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മാണി സി. കാപ്പൻ ചൂണ്ടിക്കാട്ടി. അതേസമയം, ഒരു കാരണവശാലും ഇടത് മുന്നണിയിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മാണി സി. കാപ്പൻ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചിരുന്നത്. പരാതിയുണ്ടെങ്കിൽ അത് തന്നോട് നേരിട്ടോ അല്ലെങ്കിൽ യു.ഡി.എഫ് കൺവീനറെയോ അറിയിക്കണം. പൊതുവേദിയിൽ പരസ്യ പ്രതികരണം നടത്തുന്നത് അനൗചിത്യമാണ്. വ്യക്തിപരമായി അടുപ്പമുള്ളയാളാണ് മാണി സി. കാപ്പൻ. എന്ത് പരാതിയുണ്ടെങ്കിലും അത് പരിഹരിക്കും. ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയല്ല പെരുമാറുന്നതെന്നും വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.
പലതവണ പരാതി രേഖമൂലം നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് കാപ്പൻ മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം പറഞ്ഞത്. തുറന്ന് പറഞ്ഞതിനെ വി.ഡി സതീശൻ എതിർത്തെങ്കിലും പ്രശ്‌നം വേഗത്തിൽ പരിഹരിക്കാനുള്ള നീക്കമാണ് നേതാക്കൾ നടത്തിയിരുന്നത്. ഇന്നലെ തന്നെ വിഡി സതീശനും എംഎം ഹസനും രമേശ് ചെന്നിത്തലയും ഫോണിൽ കാപ്പനുമായി ആശയ വിനിമയം നടത്തിയിരുന്നു.
അതേസമയം, കാപ്പനെ എൽഡിഎഫിൽ എടുക്കണമെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. യുഡിഎഫിൽ അതൃപ്തി അറിയിച്ചെങ്കിലും എൽഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് മാണി സി കാപ്പൻ സ്വീകരിച്ചിരുന്നത്. മന്ത്രി ശശീന്ദ്രനടക്കമുള്ളവർ കാപ്പനെ എൽഡിഎഫിലേക്ക് എടുക്കില്ലെന്നും പറഞ്ഞിരുന്നു.
'' All problems are over .. ''; Mani C Kappan and VD Satheesan on the same stage