'വലിയ ഗൂഢാലോചന നടന്നു, സാങ്കേതിക പിഴവെന്ന വിശദീകരണം ശരിയല്ല'; ആരോപണത്തിലുറച്ച് ആർഷോ
|''ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകും''
കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിലുറച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. സാങ്കേതിക പിഴവെന്ന പ്രിൻസിപ്പലിന്റെ വിശദീകരണം ശരിയല്ല. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകുമെന്നും ആർഷോ മീഡിയവണിനോട് പറഞ്ഞു
'ഞാൻ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു എക്‌സാമിന്റെ റിസൾട്ടിൽ എന്റെ പേര് എങ്ങനെ വന്നു? പേര് മാത്രം പ്രത്യക്ഷപ്പെട്ട്. പാസ് എന്ന് കാണിക്കുന്നു. അതൊരു സാങ്കേതിക പിഴവാണെന്ന് വിശ്വസിക്കാൻ തത്കാലം നിർവാഹമില്ല. ഉന്നത വിദ്യാഭ്യസ വകുപ്പുമായും പൊലീസുമായും ബന്ധപ്പെട്ട് പരാതി നൽകും. വലിയ ഗൂഢാലോചനയാണ് ഇതിൽ നടന്നിട്ടുള്ളത്. കൃത്യമായ അന്വേഷണം നടത്തണം'- ആർഷോ മീഡിയവണിനോട് പ്രതികരിച്ചു.
അതേസമയം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രിൻസിപ്പാൾപ്രാഥമിക റിപ്പോർട്ട് കൈമാറി. സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉന്നത വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർക്കാണ് കോളജ് പ്രിൻസിപ്പൽ വി.എസ് ജോയ് റിപ്പോർട്ട് നൽകിയത്.
എന്നാല്‍ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനൊപ്പം പി എം ആർഷോയുടെ മാർക്ക് വിവാദം കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. അട്ടപ്പാടി കോളജിന് പുറമേ കരിന്തളം കോളജിലും കെ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയെന്നാണ് കണ്ടെത്തൽ. മുൻ എസ്എഫ്‌ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടു എന്ന ഗുരുതര ആരോപണത്തിലും സിപിഎമ്മിന് മറുപടി പറയേണ്ടിവരും. ഇരു വിവാദങ്ങളിലും നടപടി ആവശ്യപ്പട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.