ചെന്നിത്തലക്ക് ആരുടേയും മറ വേണ്ട; പിന്തുണയുമായി ഉമ്മന്‍ചാണ്ടി
|''ദീർഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണ് ചെന്നിത്തല, തന്റെ മറവിൽ അഭിപ്രായം പറയേണ്ട സാഹചര്യം അദ്ദേഹത്തിന് ഇല്ല''
രമേശ് ചെന്നിത്തലയെ പിന്തുണച്ച് ഉമ്മൻചാണ്ടി. ദീർഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണ് രമേശ് ചെന്നിത്തല. തന്റെ മറവിൽ അഭിപ്രായം പറയേണ്ട സാഹചര്യം രമേശ് ചെന്നിത്തലക്ക് ഇല്ല. ചെന്നിത്തല ആ വേദിയിൽ അങ്ങനെ പറയാൻ പാടുണ്ടോ എന്ന് പ്രതികരിക്കുന്നില്ല. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാണ് ഉള്ളതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ പിന്നിൽ ഒളിക്കരുതെന്നും തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലക്ക് പിന്തുണയുമായി ഉമ്മൻചാണ്ടി രംഗത്തെത്തിയത്.
അഭിപ്രായപ്രകടനം പാര്‍ട്ടിക്കകത്ത് മാത്രം ഒതുക്കും: മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെ സുധാകരന്‍
മുതിർന്ന നേതാക്കളുടെ പരസ്യ വിമർശനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അഭിപ്രായ പ്രകടനങ്ങൾ കോൺഗ്രസിനുള്ളിൽ മാത്രമായി ഒതുക്കുമെന്ന് സുധാകരൻ പറഞ്ഞു. പുറത്തുള്ള പ്രതികരണങ്ങൾ പാർട്ടിയെ തളർത്തും. പാർട്ടിയെ വളർത്താനാവണം വിയർപ്പൊഴുക്കേണ്ടതെന്നും കെ സുധാകരൻ വ്യക്തമാക്കി.
അഭിപ്രായ ഭിന്നത ഉണ്ടാവൽ ജനാധിപത്യത്തിന്‍റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം പാർട്ടിക്കകത്ത് മാത്രം ഒതുക്കും. അച്ചടക്കമില്ലാത്ത പാർട്ടിക്ക് നിലനിൽപ്പുണ്ടാവില്ല. അഭിപ്രായ പ്രകടനം നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ഇന്നലെ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് കെ സുധാകരന്‍റെ മുന്നറിയിപ്പ്. താന്‍ നാലണ മെമ്പര്‍ മാത്രമാണെന്നും തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.
"എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണിപ്പോള്‍. ഉമ്മന്‍ചാണ്ടി അതുപോലെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിങ് കമ്മിറ്റി മെമ്പറാണ്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് എല്ലാവര്‍ക്കുമുള്ളത്. ഇത് റിലേ ഓട്ട മത്സരമൊന്നുമല്ല. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പോരാടേണ്ട സന്ദര്‍ഭത്തില്‍ യോജിപ്പിന്‍റെ പാത തുറക്കുക എന്നതാണ് നേതൃത്വത്തിന്‍റെ ഉത്തരവാദിത്വം"- ചെന്നിത്തല പറഞ്ഞു.
താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷക്കാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാർഷ്ട്യം കാട്ടിയിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷം. മുൻകാല പ്രാബല്യം പരിശോധിച്ചാൽ ഇവരാരും പാർട്ടിയിലുണ്ടാകില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. കോട്ടയം ഡിസിസി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായോ എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി ഇന്ന് വ്യക്തമായ മറുപടി നൽകിയില്ല. ഇനിയും ദിവസങ്ങളുണ്ടല്ലോയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടായാൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് മാർഗം. ചർച്ചകൾക്കായി നേതൃത്വം മുൻകയ്യെടുത്താൽ സഹകരിക്കും. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കും. ഡിസിസി ചടങ്ങില്‍ നിന്നും വിട്ടുനിന്നതല്ല. ഡിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങുകളില്‍ സാധാരണ പങ്കെടുക്കാറില്ല. കെ സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീട് പ്രതികരിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് താന്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞാണ് സുധാകരന്‍ തെളിവായി ഡയറി കാണിച്ചത്.