Kerala
സിപിഎമ്മിനോടും സിപിഐയോടും അസൂയ തോന്നുന്നു, കോൺഗ്രസിൽ തമ്മിലടി തുടങ്ങി: ആന്റോ ജോസഫ്
Kerala

''സിപിഎമ്മിനോടും സിപിഐയോടും അസൂയ തോന്നുന്നു, കോൺഗ്രസിൽ തമ്മിലടി തുടങ്ങി'': ആന്റോ ജോസഫ്

Web Desk
|
17 March 2022 2:03 PM GMT

കുറിപ്പെഴുതുമ്പോഴും താൻ ഖദർ തന്നെയാണ് ധരിച്ചിരിക്കുന്നതെന്നും ആന്റോ ജോസഫ്

സിപിഎമ്മിനോടും സിപിഐയോടും അസൂയ തോന്നുന്നുവെന്നും കോൺഗ്രസിൽ ഒറ്റ സീറ്റിനു വേണ്ടി പതിവ് തമ്മിലടി തുടങ്ങിക്കഴിഞ്ഞെന്നും കോൺഗ്രസ് അനുഭാവിയും സിനിമ നിർമ്മാതാവുമായ ആന്റോ ജോസഫ്. രാജ്യസഭ സ്ഥാനാർത്ഥികളായി എ.എ റഹീമിനെയും സന്തോഷ് കുമാറിനെയും തെരഞ്ഞെടുത്ത സിപിഎം-സിപിഐ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പുതിയ തലമുറയ്ക്ക് അവസരം കൊടുക്കുമ്പോൾ ഇടതുപക്ഷം അഭിസംബോധന ചെയ്യുന്നത് പുതിയകാലത്തെയും മാറിയ രാഷ്ട്രീയ കാലാവസ്ഥയേയുമാണെന്ന് ആന്റോ ജോസഫ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം. കുറിപ്പെഴുതുമ്പോഴും താൻ ഖദർ തന്നെയാണ് ധരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

സി.പി.എമ്മിനോടും സി.പി.ഐയോടും അസൂയ തോന്നുന്നു. അവർ രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എ.എ റഹിമിനും പി.സന്തോഷ് കുമാറിനും അവസരം കൊടുക്കുമ്പോൾ ഇടതുപക്ഷം അഭിസംബോധന ചെയ്യുന്നത് പുതിയകാലത്തെയും മാറിയ രാഷ്ട്രീയ കാലാവസ്ഥയേയുമാണ്. അതിവേഗം തീരുമാനങ്ങളെടുക്കുമ്പോഴാണ് പാർട്ടിയുടെ കെട്ടുറപ്പും ജാഗ്രതയും അണികൾക്ക് ബോധ്യമാകുന്നത്. സീറ്റിനെച്ചൊല്ലി മുന്നണിയിൽ കലാപമുണ്ടാകാനുള്ള സാധ്യതകൾ നിലവിലിരിക്കെയായിരുന്നു അതിനൊന്നും ഇടകൊടുക്കാതെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇത്രയും വായിച്ചുകഴിയുമ്പോൾ എന്റെ പക്ഷം ഏതെന്ന് സംശയിക്കുന്നവരോട്:ഇതെഴുതുമ്പോഴും ഞാൻ ഖദർ തന്നെയാണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വല്ലാതെ വേദനതോന്നുന്നുമുണ്ട്. ഒറ്റ സീറ്റിനുവേണ്ടി കോൺഗ്രസിൽ പതിവു തമ്മിലടി തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുവരുമ്പോൾ കൊച്ചിക്കായലിലെ ഒരു മീൻ വീണ്ടുംവീണ്ടും ചർച്ചാവിഷയമാകുന്നു എന്നതിലുണ്ട് കോൺഗ്രസിന്റെ ദുർഗതി. അതിനൊപ്പം വലയിലാകാനുള്ള അത്രയും ചെറുമീനാണോ പാർട്ടിനേതൃത്വം എന്നാലോചിക്കുമ്പോൾ സാധാരണപ്രവർത്തകർക്ക് ലജ്ജ തോന്നും.

ഹൈക്കമാൻഡിനുള്ള കത്തയയ്ക്കലും ഡൽഹിയിലേക്കുള്ള വിമാനം പിടിക്കലും മുകളിൽ നിന്നാരോ നൂലിൽകെട്ടിയിറങ്ങാൻ പോകുന്നുവെന്ന അടക്കംപറച്ചിലും പോലെയുള്ള സ്ഥിരം കലാപരിപാടികൾക്ക് കർട്ടനുയർന്നു കഴിഞ്ഞു. പ്രിയ നേതാക്കന്മാരെ...ഇതെല്ലാം കാണുമ്പോൾ, 'നാണമില്ലേ' എന്നു ചോദിക്കാൻപോലും നാണമാകുന്നുണ്ട്....ഈ പാർട്ടിയിൽ വിശ്വസിക്കുന്ന ഞങ്ങൾ എത്രകാലമായി ഇതു കാണുന്നു. ഇനിയെങ്കിലും അവസാനിപ്പിക്കണം ഈ അസംബന്ധനാടകങ്ങൾ. ഇല്ലെങ്കിൽ ഈ പാർട്ടിയെ കടലെടുക്കും. ഇത്രയും കാലം നിങ്ങൾ നിങ്ങൾക്കുവേണ്ടി നടത്തിയ കുതികാൽവെട്ടിന്റെയും കുതന്ത്രസർക്കസിന്റെയും കുതിരക്കച്ചവടത്തിന്റെയും ഫലമാണ് ഇപ്പോൾ ദേശീയലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് പാർട്ടി അനുഭവിക്കുന്നത്. നേതാക്കന്മാർക്കുവേണ്ടി നേതാക്കന്മാർ നടത്തുന്ന നേതാക്കന്മാരുടെ സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇപ്പോഴത്. ജനത്തിന് അഥവാ അണികൾക്ക് അവിടെ ഒരു സ്ഥാനവുമില്ല. പക്ഷേ നിങ്ങൾ ഒന്നോർക്കണം. കൈപ്പത്തിയെന്നത് വോട്ടുകുത്താനുള്ള വെറുമൊരു ചിഹ്നം മാത്രമല്ല എന്ന് വിശ്വസിക്കുന്ന അനേകകോടികൾ ഇന്നും ഈ രാജ്യത്തുണ്ട്. അവർക്ക് അത് നെഞ്ചിൽതൊടാനുള്ള ഒരു അവയവം തന്നെയാണ്.

മൂവർണ്ണക്കൊടിയിൽ നിറയുന്നത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഈ പാർട്ടിയെച്ചൊല്ലി എല്ലാക്കാലവും അവർക്ക് ഒരുപാട് ഓർമിക്കാനും പറയാനും അഭിമാനിക്കാനുമുണ്ട്. രൺജിപണിക്കരുടെ ഒരു കഥാപാത്രം പറയുന്നതുപോലെ 'ഖദറിന് കഞ്ഞിപിഴിയാൻ പാങ്ങില്ലാത്ത'ഒരുപാട് പാവങ്ങളുടേതുമാണ് ഈ പാർട്ടി. അവരുടെ മുഖത്തേക്കുള്ള കാറിത്തുപ്പൽ നിങ്ങൾ അവസാനിപ്പിക്കണം. യാഥാർഥ്യങ്ങൾ തിരിച്ചറിയണം. കോൺഗ്രസ് എന്നും ഇങ്ങനെയൊക്കതന്നെയായിരുന്നു എന്നുളള പതിവ് ന്യായം വേണ്ട. ഇങ്ങനെയായതിന്റെ ഭവിഷ്യത്താണ് ഏറ്റവുമൊടുവിൽ അഞ്ച് സംസ്ഥാനങ്ങളിൽ കണ്ടത്. ശവപ്പെട്ടിയിലേക്കുള്ള അഞ്ച് ആണികൾ ആണ് അവിടെ തറയ്ക്കപ്പെട്ടത്. അത് മറക്കരുത്. മതനിരപേക്ഷതയുടെ മറുപേരാണ് എന്നും കോൺഗ്രസ്. അതിന് മാത്രമേ ഇന്ത്യയുടെ വൈവിധ്യം കാത്തുസൂക്ഷിക്കാനാകൂ. കോൺഗ്രസ് ഇല്ലാതാകുമ്പോൾ ഇന്ത്യയുടെ മതേതരസ്വഭാവം കൂടിയാണ് ഇല്ലാതാകുന്നത്. ദേശീയതലത്തിൽ ഒരുപാട് സമുന്നത നേതാക്കളെ സംഭാവനചെയ്ത കേരളത്തിന് ഈ പാർട്ടിയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുന്നതിൽ നിർണായകപങ്കുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ നേതൃനിരയിലുള്ളവരെല്ലാം സ്വന്തം പക്ഷം സൃഷ്ടിക്കാനും വലുതാക്കാനും അതിൽനിന്ന് ലാഭം കൊയ്യാനുമുള്ള ചേരിപ്പോരിൽ നിന്ന് ദയവുചെയ്ത് പിന്മാറണം. കോൺഗ്രസ് ഇനിയും ജീവിക്കട്ടെ.....കാരണം അത് അനേകരുടെ അവസാനപ്രതീക്ഷയാണ്....

Similar Posts