''എല്ലാവരെയും സംതൃപ്തിപ്പെടുത്താനാവില്ല''; ഡിസിസി പട്ടിക ഹൈക്കമാൻഡിന് കൈമാറിയെന്ന് കെ.സുധാകരൻ
|ഡിസിസി പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായി. ഡിസിസി പട്ടികയില്‍ ചര്‍ച്ച തുടരുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞത്
കേരളത്തിലെ കോൺഗ്രസ് ഭാരവാഹികളുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഡി.സി.സി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തിറക്കും. എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയെന്നും അന്തിമ പട്ടിക ഹൈക്കമാൻഡിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും സംതൃപ്തിപ്പെടുത്താനാവില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡിസിസി പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായി. ഡിസിസി പട്ടികയില്‍ ചര്‍ച്ച തുടരുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞത്. തര്‍ക്കം തുടരുന്ന ജില്ലകളില്‍ സമവായമായില്ലെന്നാണ് സൂചന.
ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക പുറത്തുവരാനിരിക്കെ, നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോരിന് കോൺഗ്രസ് ഗ്രൂപ്പുകൾ തയാറെടുത്തുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെ വാട്സ്ആപ് ഗ്രൂപ് ചർച്ചകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തീരുമാനം വന്നാൽ ഉടൻ രംഗത്തുവരണമെന്നും ഡി.സി.സി പ്രസിഡന്റ് പദത്തിലേക്ക് പരിഗണിച്ചവരുടെ ഫാൻസിനെ ഇളക്കിവിടണമെന്നുമായിരുന്നു ആഹ്വാനം. ആർ.സി. ബ്രിഗേഡ് എന്ന വാട്സ്ആപ് ഗ്രൂപ്പിലെ സന്ദേശമായിരുന്നു പുറത്തുവന്നത്.
പറ്റുമെങ്കിൽ ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരോടും ആശയവിനിമം നടത്തി സംയുക്ത ആക്രമണം നടത്താനും ആഹ്വാനമുണ്ട്. അതേസമയം രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സ്ആപ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു.