'കുസാറ്റ് ദുരന്തത്തിന്റെ ഉത്തരവാദി രജിസ്ട്രാർ'; സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ
|രജിസ്ട്രാറുടെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ദീപക് കുമാർ സാഹുവിന്‍റെ മറുപടി സത്യവാങ്മൂലത്തിലുണ്ട്
കൊച്ചി: കുസാറ്റ് അപകടത്തിന്‍റെ ഉത്തരവാദിത്തം രജിസ്ട്രാർക്കെന്ന് പുറത്താക്കപ്പെട്ട സ്‌കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിന്‍സിപ്പല്‍ ദീപക് കുമാർ സാഹുവിന്‍റെ മറുപടി സത്യവാങ്മൂലം. 'ധിഷ്ണ' പരിപാടി നടന്നത് കുസാറ്റ് രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണെന്നും സുരക്ഷ വേണമെന്ന് കത്തിലൂടെയും നേരിട്ടും രജിസ്ട്രാറോട് ആവശ്യപ്പെട്ടെന്നും ദീപക് കുമാർ സാഹു സത്യവാങ്മൂലത്തില്‍ പറയുന്നു. ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ദുരന്തത്തിന്‍റെ ഉത്തരവാദിത്തം രജിസ്ട്രാര്‍ക്ക് ആണെന്നും ദീപക് കുമാർ സാഹു കോടതിയെ അറിയിച്ചു.
രജിസ്ട്രാറുടെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്. കുസാറ്റിൽ നാലുപേർ മരിച്ച ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ ദീപക് കുമാർ സാഹു സ്വമേധയാ കക്ഷി ചേർന്നിരുന്നു. തുടര്‍ന്ന് തനിക്ക് ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു.
സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കിയത് തെറ്റായ നടപടിയാണെന്നും ദീപക് കുമാറിന്‍റെ സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.