''ചോദ്യങ്ങൾ എഴുതിത്തന്നാൽ ഓഫീസ് മറുപടി നൽകും'': 'ലോകായുക്ത'യില് പ്രതികരിക്കാതെ ഗവർണർ
|ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ വ്യക്തമാക്കി. രേഖാമൂലം ചോദ്യങ്ങൾ എഴുതി തന്നാൽ തന്റെ ഓഫീസിൽ നിന്നും മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച ചോദ്യത്തിനാണ് ഗവർണറുടെ മറുപടി.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു. നിയമവശങ്ങൾ പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ നേതാക്കൾ അറിയിച്ചതുമാണ് . അതിനിടെ 1999 ൽ നിയമം അവതരിപ്പിച്ച സമയത്ത് തന്നെ ലോകായുക്ത ശിപാർശ മുഖ്യമന്ത്രിക്കോ ഗവർണർക്കോ നിരാകരിക്കാമെന്ന നിർദേശം നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്ത് വന്നു. ഇതോടെ ലോകായുക്ത നിയമ ഭേദഗതിക്കെതിരെയുള്ള നിലപാട് പ്രതിപക്ഷം കടുപ്പിക്കുകയാണുണ്ടായത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം അരമണിക്കൂറോളം ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച യു.ഡി.എഫ് സംഘം നിയമ പ്രശ്നങ്ങളും ചൂണ്ടികാട്ടി. നിയമഭേദഗതി രാഷ്ട്രപതിയുടെ അനുമതിക്ക് പോകേണ്ടതാണെന്നും പ്രതിപക്ഷം ഗവർണറെ അറിയിച്ചു. 1999 ഫെബ്രുവരി 1 ന് ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിക്കുമ്പോഴും കോപ്പറ്റിറ്റന്റ് അതോറിറ്റിക്ക് ലോകായുക്ത നിർദേശം തള്ളാമെന്ന വ്യവസ്ഥയുണ്ടായിരുന്നു അത് സഭ ചർച്ച ചെയ്ത് ഭേദഗതി വരുത്തുകയായിരുന്നുവെന്ന് വിശദമാകുന്ന നിയമസഭാ രേഖകളാണ് പുറത്ത് വന്നത്. ബില്ലിൽ സബ്ജക്ട് കമ്മറ്റി റിപോർട്ട് പ്രകാരം ചർച്ച നടന്നത് ഫെബ്രുവരി 22 നായിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യ പ്രകാരം നിയമമന്ത്രി ഇ ചന്ദ്രശേഖരൻ പിന്നീട് ഭേദഗതി കൊണ്ടു വന്ന് കോപറ്റിറ്റന്റ് അതോറിറ്റി ലോകായുക്ത ശുപാർശ അംഗീകരിക്കണമെന്ന് മാറ്റി . ഭരണപക്ഷത്ത് നിന്ന് ജി സുധാകരൻ, ആനത്തലവട്ടം ആനന്ദൻ , പി രാഘവൻ എന്നിവർ ഇക്കാര്യം സഭയിൽ ഉയർത്തിയാതായി രേഖകൾ വ്യക്തമാക്കുന്നു.