''വാരിയൻകുന്നത്തും ആലി മുസ്ലിയാരും ധീര ദേശാഭിമാനികളായ കോൺഗ്രസുകാർ''
|''വാരിയൻ കുന്നനും ആലി മുസ്ലിയാരും ഗാന്ധിജിയിൽ ആകൃഷ്ടരായാണ് സമര രംഗത്തിറങ്ങുന്നത്''
സ്വാതന്ത്ര്യ സമര സേനാനികളായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും കോൺഗ്രസുകാരായിരുന്നുവെന്ന് മലപ്പുറം ഡി.സി.സിയുടെ നിയുക്ത പ്രസിഡൻറ് വി.എസ്. ജോയ്. ഇവരെ പോലെയുള്ള ധീര ദേശാഭിമാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നു ഒഴിവാക്കുന്നത് ന്യായീകരിക്കാൻ ആവില്ല.
ഇത്തരം ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഫിനിക്സ് ഫൗണ്ടേഷൻ മലപ്പുറത്ത് സംഘടിപ്പിച്ച ചരിത്രം വഴിമാറില്ല എന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത വാരിയൻ കുന്നനും കോഴിക്കോട് സമ്മേളനത്തിൽ പങ്കെടുത്ത ആലി മുസ്ലിയാരും ഗാന്ധിജിയിൽ ആകൃഷ്ടരായാണ് സമര രംഗത്തിറങ്ങുന്നത്. ഗാന്ധിജിയുടെയും അലി സഹോദരൻമാരുടെയും നേതൃത്വത്തിൽ നടന്ന ഖിലാഫത്ത് സമരത്തിെൻറ ഭാഗമായിരുന്നു മലബാർ സമരം. വലിയ സമരങ്ങളുടെ ഭാഗമായി നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ചു കാണിച്ചു വർഗീയ സമരമായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഫീനിക്സ് പ്രസിഡൻറ് കുരിക്കൾ മുനീർ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എൻ.എ.ഖാദർ, ഡോ. കെ.എസ്. മാധവൻ, ഡോ. എം. ഹരിപ്രിയ, ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസ്, ഹാരിസ് ബാബു ചാലിയാർ, എ.കെ. സൈനുദ്ദീൻ, എൻ.കെ. ഹഫ്സൽ റഹ്‌മാൻ, അഷ്‌റഫ് തെന്നല, കെ.എം. ശാഫി, നിസാർ കാടേരി, റിയാസ് കള്ളിയത്ത്, എം.പി. മുഹ്സിൻ, ടി.എച്ച്. അബ്ദുൽ കരീം, പി.ടി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.