'പി.സി ജോർജിനെ വിജയിപ്പിച്ചിട്ടുണ്ട്, അത് ഞങ്ങളുടെ രാഷ്ട്രീയ പരീക്ഷണം'; എസ്.ഡി.പി.ഐ
|'പി.സി ജോർജ് ഞങ്ങളുടെ വേദിയിൽ പ്രസംഗിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരുമതവിഭാഗത്തെ അധിക്ഷേപിക്കുകയോ വംശീയത പറയുകയോ ചെയ്തിട്ടില്ല'
ആലപ്പുഴ: പൂഞ്ഞാറിൽ പി.സി ജോർജിനെ പിന്തുണച്ച തീരുമാനം തെറ്റായി തോന്നുന്നില്ലെന്നും അത് അന്ന് ഞങ്ങളെടുത്ത രാഷ്ട്രീയ നിലപാടും രാഷ്ട്രീയ പരീക്ഷണമായിരുന്നെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി.
'ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുന്നണികളില്ലാതെ സംഘ്പരിവാറിന്റെ പിന്തുണയുമില്ലാതെ ഒരു സ്വതന്ത്ര സ്ഥാനാർഥി വിജയിക്കാനുള്ള സാധ്യത ഞങ്ങൾ പരീക്ഷിച്ചു. ആ പരീക്ഷണം ഒരു രാഷ്ട്രീയവിജയമായിരുന്നു. സ്വതന്ത്രനായി മത്സരിച്ച് പി.സി.ജോർജ് അന്ന് വിജയിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'പി.സി ജോർജിനൊപ്പം വേദി പങ്കിട്ടിരുന്നു. പക്ഷേ എസ്.ഡി.പി.ഐയുടെ വേദിയിൽ വന്ന് ഏതെങ്കിലും ഒരു മതവിഭാഗത്തെ ചീത്ത പറയില്ല. കാരണം ഇന്നുവരെ എസ്.ഡി.പി.ഐയുടെ പ്രവർത്തകൻ ഏതെങ്കിലും മതവിഭാഗത്തെ ചീത്ത പറഞ്ഞിട്ടില്ല. അത് ഞങ്ങളുടെ ഭാഷ്യമല്ല, പ്രത്യയശാസ്ത്രമല്ല. അത് ആർ.എസ്.എസിനെതിരെയുള്ള പ്രത്യയ ശാസ്ത്രമാണ്. പി.സി ജോർജ് ഞങ്ങളുടെ വേദിയിൽ പ്രസംഗിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരുമതവിഭാഗത്തെ അധിക്ഷേപിക്കുകയോ വംശീയത പറയുകയോ ചെയ്തിട്ടില്ല. അദ്ദേഹം രാഷ്ട്രീയം പറഞ്ഞിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
'പി.സി ജോർജ് ഇപ്പോൾ ചെയ്യുന്നത് മതവിരോധവും വർഗീതയും പറഞ്ഞ് സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുകയാണ്. പി.സി ജോർജ് പരസ്യമായാണ് മതങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കാതായാൽ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.