കോട്ടയത്തെ ഒരു കോടിയുടെ സ്വർണക്കവർച്ച; മുഖ്യപ്രതിയാക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും
|പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ ഫൈസൽ രാജിനെ രണ്ടു മാസമായിട്ടും പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം
കോട്ടയം: കുറിച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കവർന്ന കേസിലെ മുഖ്യ പ്രതിയാക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ ഫൈസൽ രാജിനെ രണ്ടു മാസമായിട്ടും പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഇയാളുടെ സഹായി അനീഷ് ആൻ്റണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആഗസ്റ്റ് 5, 6 തീയതികളിലാണ് കുറിച്ചിയിലെ സുധാ ഫൈനാൻസിൽ കവർച്ച നടന്നത്. ഒരു കോടി രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി. പത്തനംതിട്ട കൂടൽ സ്വദേശിയായ പ്രധാന പ്രതി ഫൈസൽ രാജിനെ കുറിച്ച് സൂചന ലഭിച്ചു. 17 മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. തുടർന്ന് കൂടൽ പൊലീസുമായി അന്വേഷണ സംഘം ബന്ധപ്പെട്ടു. ഇയാളെ നേരിട്ട് കസ്റ്റഡിയിലെടുക്കാതെ സ്റ്റേഷനിലേക്ക് വരാൻ ഫോൺ വിളിച്ച് ആവശ്യപ്പെട്ടു. അപകടം മണത്ത ഫൈസൽ രാജ് അതിവിദഗദ്ധമായി മുങ്ങി. ഇതോടെ കവര്‍ന്ന ആഭരണങ്ങളെ കുറിച്ചും പണത്തെ കുറിച്ചും സൂചനയില്ലാതെ പ്രതിസന്ധിയിലാണ് അന്വേഷണ സംഘം. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട്
നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം ഡി.ജി.പി ഓഫീസിൻ്റെ അനുമതി തേടി .ഫൈസൽ രാജ് സംസ്ഥാനം വിട്ടതായാണ് സൂചന.ചങ്ങനാശേരി ഡി.വൈ.എസ്.പി യുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം .മുഖ്യ പ്രതി കാണാമറയത്ത് തുടരുന്നത് പോലീസിനു ഉണ്ടായിരിക്കുന്ന നാണക്കേട് ചെറുതല്ല.