'ഒരുകോടിയുടെ ലോട്ടറി അടിച്ചിട്ടും കടക്കാരന്‍, കോടീശ്വരനെ കൂലിപ്പണിക്ക് വിളിക്കാതായതോടെ ജോലിയും പോയി'; സങ്കടക്കടലില്‍ മണി
|കോടീശ്വരനെ കൂലിപ്പണിക്ക് വിളിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ആരും പണിക്കും വിളിക്കുന്നില്ല.
ഒരുകോടി രൂപ ലോട്ടറി അടിച്ചതിനാൽ ഉള്ള ജോലി പോവുകയും കടം കയറുകയും ചെയ്ത അവസ്ഥയിലാണ് പാലക്കാട് അയിലൂർ പട്ടുക്കാട് സ്വദേശി മണി. ഏഴ് മാസം മുമ്പ് നറുക്കെടുപ്പിലൂടെ ലഭിച്ച സമ്മാനത്തുക ഇനിയും മണിക്ക് ലഭിച്ചിട്ടില്ല.
ജനുവരി മൂന്നിനാണ് മണിക്ക് സംസ്ഥാന സർക്കാറിന്‍റെ ഭാഗ്യമിത്ര ലോട്ടറി അടിച്ചത്. ഒരു കോടി രൂപയാണ് ലോട്ടറിയടിച്ചത്. സമ്മാനർഹമായ ലോട്ടറി ടിക്കറ്റുമായി സമീപത്തെ സഹകരണ ബാങ്കിലെത്തി. എന്നാൽ കേരള ബാങ്കിനെ സമീപിക്കാൻ നിർദേശം ലഭിച്ചു. കേരള ബാങ്കിന്‍റെ നെന്മാറ ശാഖയിൽ പോയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം സമ്മാന തുക ലഭിക്കുന്നത് അനന്തമായി നീളുകയാണ്. സമ്മാന തുക ലഭിക്കുമെന്ന ഉറപ്പിൽ പ്രാഥമിക സഹകരണ സംഘത്തിൽ നിന്നും അൻപതിനായിരം രൂപ വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നോട്ടീസ് അയച്ച് തുടങ്ങി. ലോട്ടറി അടിച്ചപ്പോൾ പുതിയ വീട്, മകളുടെ വിവാഹം എല്ലാം ഗംഭീരമാക്കണമെന്ന് തീരുമാനിച്ചതാണ്. ലോട്ടറി തുക ലഭിക്കാതയതോടെ വലിയ പ്രയാസമാണ് ഈ കുടുംബം അനുഭവിക്കുന്നത്
കൂലിപണി ചെയ്താണ് മണി കുടുംബം പോറ്റിയിരുന്നത്. കോടീശ്വരനെ കൂലിപ്പണിക്ക് വിളിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ആരും പണിക്കും വിളിക്കുന്നില്ല. സമ്മാന തുക ഉടൻ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നാണ് മണിയുടെയും, കുടുംബത്തിന്‍റെയും ആവശ്യം.