സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ സംസ്കാരം ഇന്ന്
|ആലപ്പുഴ അമ്പലപ്പുഴയിൽ എത്തിക്കുന്ന മൃതദേഹം 11 മണി മുതൽ നീർക്കുന്നം സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും
അമ്പലപ്പുഴ: നാഗ്പൂരിൽ മരിച്ച മലയാളി സൈക്കിൾ പോളോ താരം പത്തുവയസുകാരി നിദ ഫാത്തിമയുടെ സംസ്കാരം ഇന്ന്. മൃതദേഹം അൽപസമയത്തിനുള്ളിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. ആലപ്പുഴ അമ്പലപ്പുഴയിൽ എത്തിക്കുന്ന മൃതദേഹം 11 മണി മുതൽ നീർക്കുന്നം സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. 12.30ന് കാക്കാഴം പള്ളി ഖബർസ്ഥാനിലാണ് സംസ്കാരം.
ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. നാഷണൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ.
നാഗ്പൂരിലെത്തിയ താരങ്ങൾക്ക് താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ ആരോപിച്ചു. എന്നാൽ താരങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും 600 രൂപ ബത്ത നൽകിയെന്നുമാണ് നാഷണൽ പോളോ അസോസിയേഷന്റെ വിശദീകരണം.