ഇടുക്കിയിൽ ആലുവ- മൂന്നാർ രാജപാതയിലൂടെ സഞ്ചരിച്ച പത്ത് യുവാക്കൾ അറസ്റ്റിൽ
|വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് ഇവരെ പിടികൂടിയത്.
വനത്തിൽ അതിക്രമിച്ച് കയറിയെന്ന കുറ്റം ചുമത്തി ആലുവ- മൂന്നാർ രാജപാതയിലൂടെ സഞ്ചരിച്ച പത്ത് യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. നേര്യമംഗലം റേഞ്ചിൽ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ആവർകുട്ടി ഭാഗത്ത് വച്ചാണ് സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന വളർത്ത് നായയെയും കസ്റ്റഡിയിലെടുത്തു.
രണ്ട് സംഘങ്ങളായി തൊടുപുഴ, പെരുമ്പാവൂർ, പുത്തൻകുരിശ് എന്നിവിടങ്ങളിൽ നിന്നെത്തിയ യുവാക്കളാണ് വനം വകുപ്പിന്റെ പിടിയിലായത്. ആലുവ മൂന്നാർ രാജപാതയിൽ ആവർകുട്ടി ഭാഗത്തുവച്ച് യുവാക്കൾ പുഴയിലിറങ്ങി. നായ്ക്കുട്ടിക്കൊപ്പം ദൃശ്യങ്ങൾ പകർത്തി. പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. അനധികൃതമായി വനത്തിനുള്ളിൽ വാഹനം ഉപയോഗിച്ചു കയറുകയും വന്യമൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമായ വിധം പെരുമാറിയെന്നുമാണ് കേസ്.
രാജഭരണകാലത്ത് മൂന്നാറിലേക്കുള്ള ഏക വഴിയായിരുന്നു ആലുവ- മൂന്നാർ രാജപാത. കൊച്ചി ധനുഷ്കോടി ദേശീയ പാത നിർമിച്ചതിന് പിന്നാലെ റോഡിലൂടെയുള്ള ഗതാഗതം വനം വകുപ്പ് നിരോധിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡ് തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇതുവഴിയുള്ള ഗതാഗതം വനം വകുപ്പ് അനുവദിച്ചത്.
രാജപാതയിലൂടെയുള്ള യാത്ര സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. വഴിയിൽ വാഹനം നിർത്തില്ലെന്നും വനത്തിൽ കയറില്ലെന്നും സത്യവാങ്മൂലം വാങ്ങിയ ശേഷമാണ് വനം വകുപ്പ് യാത്രയ്ക്കുള്ള അനുമതി നൽകുന്നത്.