പ്രതിപക്ഷത്തിനും നിര്‍ണായകമായ 100 ദിനങ്ങള്‍
|ക്രിയാത്മക പ്രതിപക്ഷമെന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നിലപാട്
നിലവിലെ നേതൃത്വത്തെ വെട്ടിമാറ്റി തലമുറ മാറ്റം നടത്തിയ പ്രതിപക്ഷത്തിനും സര്‍ക്കാരിന്‍റെ 100 ദിനങ്ങള്‍ നിര്‍ണായകമായിരുന്നു. ക്രിയാത്മക പ്രതിപക്ഷമെന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നിലപാട്. സര്‍ക്കാരിനെ കൊണ്ട് നിലപാടുകളില്‍ ചിലത് തിരുത്തിപ്പിക്കാനും പ്രതിപക്ഷത്തിനായി. എന്നാല്‍ മൂര്‍ച്ഛ പോരെന്ന വിമര്‍ശനം മുന്നണിക്കുള്ളില്‍ ഉണ്ട് താനും.
കലഹവും തര്‍ക്കവും കഴിഞ്ഞ് തലമുറമാറ്റം പ്രഖ്യാപിച്ചായിരുന്നു വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയുള്ള ഹൈക്കമാന്‍ഡ് നീക്കം. പതിവ് രീതികളില്‍ മാറ്റം വരുത്തിയായിരുന്നു നിയമസഭയിലടക്കം പ്രതിപക്ഷത്തിന്‍റെ തുടക്കം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് ബ്ലാക്ക് ചെക്ക് പിന്തുണ നല്‍കിയായിരുന്നു സതീശന്‍റെ ആദ്യ നീക്കം. നിയമസഭയില്‍ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തുമ്പോഴും പതിവ് വാക്ക് ഔട്ടുകള്‍ പലപ്പോഴും ഒഴിവാക്കി ഭരണപക്ഷത്തെ കൂടി അമ്പരപ്പിച്ചു. അതിനായി ജനങ്ങള്‍ക്ക് കൂടി സ്വീകാര്യമായ ന്യായവും നിരത്താന്‍ പ്രതിപക്ഷത്തിനായി.
സഭക്കുള്ളിലും മികച്ച മാര്‍ക്ക് നല്‍കാവുന്നതായിരുന്നു നൂറു ദിവസത്തെ പ്രകടനം. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രീതി സര്‍ക്കാരിനെ കൊണ്ട് പൊളിച്ചെഴുതിക്കാന്‍ പ്രതിപക്ഷത്തിനായി. ഓപ്പണ്‍ സര്‍വകലാശാലക്ക് പുറത്ത് വിദൂര പഠന കോഴ്സുകള്‍ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നടപടികളിലെ നിയമ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷത്തിന്‍റെ തിരുത്ത്. ഇങ്ങനെ പലതിലൂടെയും നിയമസഭയിലെ പ്രകടനത്തിലൂടെ പ്രതിപക്ഷം കൈയടി നേടി. മുട്ടില്‍ മരം മുറി വിവാദമടക്കം ഉയര്‍ത്തി സര്‍ക്കാരിന് ചോദ്യ ശരത്തിലാക്കാനും കഴിഞ്ഞു. സഭയ്ക്കുള്ളിലെയും പുറത്തേയും സമരങ്ങളിലും വ്യതിരക്ത കൊണ്ടുവരാനുമായി. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കെതിരായ മൊഴി സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതില്‍ സഭയ്ക്ക് മുന്നില്‍ നടത്തിയ സമാന്തര സഭയും അഴിമതി വിരുദ്ധ മതിലുമൊക്കെ ശ്രദ്ധ നേടി.
എന്നാല്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചുവെന്ന വിവാദം വേണ്ട രീതിയില്‍ ഉപയോഗിക്കാനായില്ലെന്ന വിമര്‍ശനം പാര്‍ട്ടിയ്ക്കും മുന്നണിക്കുമുള്ളില്‍ ശക്തമാണ്. നിയസഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഒരു സമരവും തെരുവില്‍ പ്രതിഫലിക്കാനാകാതെ പോവുകയും ചെയ്തു.